നിതിൻ ലാൽ രക്ഷകനായി, ചെന്നൈ സിറ്റിയോട് സമനില വഴങ്ങി ലജോങ്

Staff Reporter

മലയാളി താരം നിതിൻ ലാൽ ലജോങ് ഗോൾ പോസ്റ്റിനു മുൻപിൽ വന്മതിൽ തീർത്ത മത്സരത്തിൽ ചെന്നൈ സിറ്റിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചു കെട്ടി ലജോങ്.  മത്‌സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ നിതിൻ ലാലിൻറെ പ്രകടനമാണ് ലജോങ്ങിന് സമനില നേടി കൊടുത്തത്. നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും നിതിൻ ലാലിനെ മറികടന്ന് ഗോൾ നേടാൻ ചെന്നൈ സിറ്റിക്കായില്ല. ചെന്നൈ ഗോൾ മുഖത്ത് കബീറിന്റെ മികച്ച പ്രകടനവും മത്സരം ഗോൾ രഹിത സമനിലയിലാക്കി.

മത്സരം തുടങ്ങി രണ്ടാം മിനുറ്റിൽ തന്നെ ചെന്നൈ സിറ്റി ലജോങ് ഗോൾ മുഖം വിറപ്പിച്ചു. ചെന്നൈ സിറ്റി ക്യാപ്റ്റൻ സൂസൈരാജിന്റെ ശ്രമം ഗോൾ കീപ്പർ നിതിൻ ലാലിനെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി പുറത്തു പോവുകയായിരുന്നു. ആദ്യ പകുതിയിൽ പല തവണ സുസൈരാജ് ലജോങ് ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗോൾ മാത്രം വിട്ടു നിന്നു.

രണ്ടാം പകുതിയിൽ മത്സരത്തിൽ ഗോൾ നേടാൻ ലജോങിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോൾ ലൈനിൽ രാവണന്റെ രക്ഷപെടുത്തലാണ് ചെന്നൈ സിറ്റിയുടെ രക്ഷക്കെത്തിയത്. ലജോങ് താരം ജഗ്‌നെയുടെ ദുർബലമായ ഹെഡറാണ് ഗോൾ കീപ്പർ കബീറിനെ മറികടന്ന് പോയതിനു ശേഷം രാവണൻ രക്ഷപെടുത്തിയത്.

സമനിലയിലായതോടെ നാലാം സ്ഥാനത്തുള്ള മോഹൻ ബഗാനുമായുള്ള പോയിന്റ് വ്യതാസം കുറക്കാനുള്ള അവസരം ലജോങ്ങിന് നഷ്ടമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial