മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റൂഡ് വാൻ നിസ്റ്റൽറൂയ് ക്ലബിലേക്ക് തിരികെയെത്തി. നിസ്റ്റൽ റൂയിയെ സഹപരിശീലകനായാണ് യുണൈറ്റഡ് ഇപ്പോൾ ടീമിൽ എത്തിച്ചിരിക്കുന്നത്. നിസ്റ്റൽ റൂയ് ഇന്ന് മാഞ്ചസ്റ്ററിൽ എത്തി ടീമിന്റെ പ്രീസീസൺ പരിശീലനങ്ങളുടെ ഭാഗമായി. അദ്ദേഹം യുണൈറ്റഡിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. നിസ്റ്റൽ റൂയിക്ക് ഒപ്പം റെനെ ഹാകെയും യുണൈറ്റഡിൽ സഹ പരിശീലകനായി ചുമതലയേറ്റിട്ടുണ്ട്.
അവസാനം പി എസ് വിയെ ആണ് നിസ്റ്റൽ റൂയ് പരിശീലിപ്പിച്ചത്. ബേർൺലിയുടെ മുഖ്യ പരിശീലകൻ ആകാനുള്ള ഓഫർ നിരസിച്ചാണ് നിസ്റ്റൽ റൂയ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നത്.
ഒരു വർഷം മുമ്പ് പി എസ് വി പരിശീലക സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. മികച്ച പ്രകടനം ആയിരുന്നിട്ടും ക്ലബ് മാനേജ്മെന്റുമായി ഉടക്കിയതാണ് PSV ഐന്തോവന്റെ മുഖ്യ പരിശീലകനെന്ന സ്ഥാനം നിസ്റ്റൽറൂയ് രാജിവെക്കാൻ കാരണമായത്. നെതർലൻഡ്‌സ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള തന്റെ ആദ്യ സീസണിൽ, വാൻ നിസ്റ്റൽറൂയ് ഡച്ച് കപ്പും ഡച്ച് സൂപ്പർ കപ്പും നേടിയിരുന്നു.
ഒപ്പം ഡച്ച് ലീഗിൽ രണ്ടാം സ്ഥാനം നേടാനും അദ്ദേഹത്തിനായിരുന്നു. പി എസ് വിയെ 51 മത്സരങ്ങളിൽ പരിശീലിപ്പിച്ച നിസ്റ്റൽറൂയ് 33 വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. ഡച്ച് പരിശീലകൻ ആയ റെനെ ഹാകെ ഡച്ച് ക്ലബായ ഗോ എഹഡ് ഈഗിൾസ് വിട്ടാണ് വരുന്നത്.