ആറാം ലോക കിരീടം സ്വപനം ഇത്തവണ നടക്കില്ല. ബ്രസീൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. എക്സ്ട്രാ ടൈമിൽ മൂന്ന് മിനുട്ട് ബാക്കി നിൽക്കെ നേടിയ സമനിലയും അതിനു ശേഷം നടന്ന ഷൂട്ടൗട്ടും ആണ് ക്രൊയേഷ്യക്ക് ജയം നൽകിയത്. നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്നു കളി എക്സ്ട്രാ ടൈമിൽ 1-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2നാണ് ക്രൊയേഷ്യ വിജയിച്ചത്.
ഇന്ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ അത്ര എളുപ്പമുള്ള പോരാട്ടം ആയിരുന്നില്ല ബ്രസീലിനെ കാത്തിരുന്നത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ തുടക്കം മുതൽ ബ്രസീലിന് ഒപ്പം നിൽക്കാനും ബ്രസീലിന് വെല്ലുവിളി ഉയർത്താനും ശ്രമിച്ചു. അഞ്ചാം മിനുട്ടിൽ വിനീഷ്യസ് ഒരു കേർലിങ് ഷോട്ടിന് ശ്രമിച്ചു എങ്കിലും അത് കാര്യമായ വെല്ലുവിളി ക്രൊയേഷ്യക്ക് നൽകിയില്ല.
13ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ക്രൊയേഷ്യ ഒരു മികച്ച മുന്നേറ്റം നടത്തി. പലാസിചിന്റെ ക്രോസ് പക്ഷെ പെരിസിചിലേക്ക് എത്തിയില്ല. ഇതായിരുന്നു കളിയിലെ ആദ്യ നല്ല അവസരം.
20ആം മിനുട്ടിൽ വിനിഷ്യസും റിച്ചാർലിസണും നടത്തിയ നീക്കം ഗ്വാർഡിയോളിന്റെ മികച്ച ബ്ലോക്കിലൂടെയാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ബ്രസീലിന്റെ ഡനിലോയും ക്രൊയേഷ്യയുടെ ബ്രൊസോവിചും മഞ്ഞ കാർഡ് വാങ്ങുന്നതും കാണാൻ ആയി.
41ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് തൊട്ടു പുറത്ത് വെച്ച് ബ്രസീലിന് ഒരു ഫ്രീകിക്ക് കിട്ടി എങ്കിലും നെയ്മറിന്റെ കിക്കും വലിയ ഭീഷണി ആയില്ല.
രണ്ടാം പകുതിയിൽ ബ്രസീൽ അറ്റാക്കുകൾ ശക്തമാക്കി. പിന്നീട് ബ്രസീലും ക്രൊയേഷ്യൻ കീപ്പർ ലിവകോവിചും തമ്മിലുള്ള പോരാട്ടമായി മാറി. അഞ്ചോളം മികച്ച സേവുകളാണ് ലിവകോവിച് രണ്ടാം പകുതിയുടെ ആദ്യ ഇരുപത് മിനുട്ടിൽ നടത്തിയത്. അറ്റാക്കിന് മൂർച്ച കൂട്ടാനായി ബ്രസീൽ റോഡ്രിഗോയെയും ആന്റണിയെയും സബ്ബായി എത്തിക്കുകയും ചെയ്തു.
75ആം മിനുട്ടിൽ നെയ്മറിന്റെ ഗോളെന്ന് ഉറച്ച ഷോട്ടും ലിവകോവിച് സേവ് ചെയ്തു. ഗോൾ വീഴാതായതോടെ റിച്ചാർലിസണെയും ടിറ്റെ പിൻവലിച്ചു. പകരം പെഡ്രോയെ കളത്തിൽ ഇറക്കി. എന്നിട്ടും ഫലം ഉണ്ടായില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. ആദ്യ 90 മിനുട്ടിൽ 9 സേവുകളാണ് ലിവകോവിച് നടത്തിയത്.
എക്സ്ട്രാ ടൈമിൽ 103ആം മിനുട്ടിൽ പെറ്റ്കോവിചിന്റെ മികച്ച ഫൂട്ട്വേർക്ക് ബ്രൊസോവിചിന് നല്ല അവസരം വെച്ച് നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് സ്റ്റാൻഡ്സിൽ പതിച്ചു.
ഇതിനു ശേഷം ആണ് നെയ്മർ താൻ ആരാണെന്ന് കാണിച്ചു തന്ന നിമിഷം വന്നത്. ആദ്യ പകുതി എക്സ്ട്രാ ടൈമിന്റെ ഇഞ്ച്വറി ടൈമിൽ ബ്രസീൽ ലീഡ് എടുത്തു. നെയ്മർ തുടങ്ങിയ അറ്റാക്ക്. വൺ ടച്ച് ഫുട്ബോളിലൂടെ മുന്നേറി പെനാൾട്ടി ബോക്സിൽ എത്തിയ നെയ്മർ പെനാൾട്ടി ബോക്സിൽ നൃത്തം വെച്ച് ഗോളിയെയും മറികടന്ന് ഒഴിഞ്ഞ വലയിൽ മനോഹരമായി പന്ത് എത്തിച്ചു. ബ്രസീൽ 1-0 ക്രൊയേഷ്യ ക്രൊയേഷ്യ.
പിന്നെ വിജയം ഉറപ്പിക്കുന്നതിൽ ആയി ബ്രസീലിന്റെ ശ്രദ്ധ. സമനില നേടാനുള്ള ശ്രമത്തിൽ ക്രൊയേഷ്യയും. 117ആം മിനുട്ടിൽ പെറ്റ്കോവിചിന്റെ സ്ട്രൈക്ക് അലിസണെ കീഴ്പ്പെടുത്തി. സ്കോർ 1-1. ബ്രസീൽ ഞെട്ടിയ നിമിഷം. പിന്നെ എക്സ്ട്രാ ടൈമിൽ ബാക്കിയുള്ളത് വെറും 3 മിനുട്ടുകൾ. ഇരുവരും വിജയ ഗോളിനായി നോക്കി എങ്കിലും കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി.
ആദ്യ കിക്ക് എടുത്ത നികോള ക്രൊയേഷ്യക്ക് ആയി പന്ത് വലയിൽ എത്തിച്ചു. ബ്രസീലിനായി ആദ്യ കിക്ക് എടുത്തത് റോഡ്രിഗോ ആയിരുന്നു. ലിവകോവിച് രക്ഷകനായി എത്തി. ക്രൊയേഷ്യ 1-0 ബ്രസീൽ. ക്രൊയേഷ്യയുടെ രണ്ടാം പെനാൾട്ടിയും വലയിൽ. ബ്രസീലിന്റെ രണ്ടാം കിക്ക് എടുത്ത കസെമിറോ കോർണറിൽ പന്ത് എത്തിച്ചു. സ്കോർ ക്രൊയേഷ്യ 2-1 ബ്രസീൽ.
മൂന്നാം കിക്ക് എടുക്കാൻ എത്തിയത് മോഡ്രിച്. അനായാസം പന്ത് വലയിൽ. ബ്രസീലിനായി മൂന്നാം കിക്ക് എടുത്തത് പെഡ്രോ. അദ്ദേഹവും പന്ത് വലയിൽ എത്തിച്ചു. അവസാനം മാർക്കിനോസ് കിക്ക് എടുക്കാൻ എത്തുമ്പോൾ ആ കിക്ക് വലിയിൽ എത്തിയേ മതിയാകൂ എന്ന അവസ്ഥ ആയിരുന്നു. പക്ഷെ അത് പോസ്റ്റിൽ തട്ടി മടങ്ങി.ക്രൊയേഷ്യ സെമിയിൽ. ബ്രസീൽ നാട്ടിലേക്കും.
ഇനി നെതർലന്റ്സും അർജന്റീനയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ക്രൊയേഷ്യ സെമിയിൽ നേരിടുക.