ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷം ടെന്നീസ് പുരുഷ വിഭാഗത്തിൽ ഈ വർഷം യു.എസ് ഓപ്പണിൽ ഒരു പുതിയ ജേതാവ് ഉണ്ടാവും എന്നുറപ്പായി. ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്, മാരിൻ സിലിച്ച്, ആന്റി മറെ എന്നിവർ ടൂർണമെന്റിൽ നിന്നു പുറത്ത് പോയതോടെയാണ് പുതിയ ഗ്രാന്റ് സ്‌ലാം ജേതാവ് യു.എസ് ഓപ്പണിൽ പിറക്കും എന്നുറപ്പായത്. ഫെഡറർ, നദാൽ എന്നിവർ കളിക്കാത്ത ടൂർണമെന്റിൽ നിലവിൽ അവശേഷിക്കുന്ന ഒരു താരവും ഒരു ഗ്രാന്റ് സ്‌ലാം കിരീടം പോലും നേടിയിട്ടില്ല. 2014 ലിൽ യു.എസ് ഓപ്പൺ ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ആയിരുന്നു ഏറ്റവും അവസാനം ആദ്യമായി ഗ്രാന്റ് സ്‌ലാം നേടിയ താരം. അതേസമയം ഏതാണ്ട് നാലു വർഷങ്ങൾക്ക് ശേഷം ഇതിഹാസ താരങ്ങൾ ആയ ‘ബിഗ് 3’ ക്ക് പുറമെ ഒരു ഗ്രാന്റ് സ്‌ലാം ജേതാവിനെയും പുരുഷ വിഭാഗത്തിൽ ലോകത്തിനു ലഭിക്കും.
2016 ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ സ്വിസ് താരം സ്റ്റാനിസ്ലാവ് വാവറിങ്കക്ക് ശേഷം നടന്ന എല്ലാ ഗ്രാന്റ് സ്‌ലാം കിരീടങ്ങളും റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച്ച് എന്നിവർ മാത്രം ആണ് നേടിയത്. ഫെഡററിന്റെ അരങ്ങേറ്റത്തിനു ശേഷം 56 തവണയാണ് ഗ്രാന്റ് സ്‌ലാമിൽ ഈ മൂന്നു താരങ്ങളും കൂടി നേടിയത് എന്നത് ഇവർ മൂന്നു പേരും ടെന്നീസിൽ എത്ര മാത്രം ആധിപത്യം പുലർത്തുന്നു എന്നതിന്റെ തെളിവ് ആണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ആവട്ടെ 3 പ്രാവശ്യം ഗ്രാന്റ് സ്‌ലാം നേടിയ വാവറിങ്ക, 3 പ്രാവശ്യം കിരീടം നേടിയ ആന്റി മറെ ഒരു പ്രാവശ്യം ഗ്രാന്റ് സ്‌ലാം നേടിയ മാരിൻ സിലിച്ച് എന്നിവർ ഒഴിച്ചാൽ ബാക്കി എല്ലായിപ്പോഴും കിരീടം ഇവർ മൂന്നു പേർക്കും സ്വന്തം. 2006 നു ശേഷം ആവട്ടെ വെറും 4 താരങ്ങൾ മാത്രം ആണ് ബിഗ് 3 ക്ക് പിറകെ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തിയിട്ടുള്ളത്.
അതിനാൽ തന്നെ തങ്ങളുടെ ആദ്യ കിരീടം ഉയർത്താൻ ടെന്നീസിലെ യുവ തലമുറ താരങ്ങൾ തമ്മിൽ കടുത്ത പോരാട്ടം തന്നെ നടക്കും എന്നുറപ്പാണ്. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച രണ്ടാം സീഡ് ഡൊമനിക് തീം ആണ് കൂട്ടത്തിൽ കൂടുതൽ പരിചയസമ്പന്നൻ. 27 വയസ്സുള്ള തീമിനു 2 ഫ്രഞ്ച് ഓപ്പൺ ഫൈനൽ കളിച്ച ആനുഭവസമ്പത്തും കൂടെയുണ്ട്. കളിമണ്ണ് കോർട്ട് താരമെന്ന ചീത്തപ്പേര് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തി മാറ്റിയ ഡാനിഷ് താരം മുമ്പ് 3 തവണ കൈവിട്ട കിരീടം ആണ് ലക്ഷ്യം വക്കുക. മികച്ച ഫോമിൽ ആണ് ഇത് വരെ തീം. യുവ കനേഡിയൻ താരവും പതിനഞ്ചാം സീഡുമായ ഫെലിക്‌സ് ആഗർ അലിയാസമെ ആണ് നാലാം റൗണ്ടിൽ ഇന്ന് രാത്രി തീമിന്റെ എതിരാളി.
അതേസമയം കഴിഞ്ഞ വർഷം റാഫേൽ നദാലിന് മുന്നിൽ 5 സെറ്റ് പോരാട്ടത്തിൽ അടിയറവ് പറഞ്ഞ കിരീടം തിരിച്ചു പിടിക്കാൻ ആവും മൂന്നാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവ് ഇപ്രാവശ്യം ശ്രമിക്കുക. മികച്ച ഫോമിലുള്ള മെദ്വദേവ് ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും വഴങ്ങിയിട്ടില്ല. നാലാം റൗണ്ടിൽ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഫ്രാൻസസ് ടിഫോയെ മറികടന്ന് അവസാന എട്ടിലേക്ക് മുന്നേറാൻ ആവും റഷ്യൻ താരം ഇന്ന് ശ്രമിക്കുക. നാലാം റൗണ്ടിൽ നാലാം സീഡ് ബോർണ കോരിച്ചിനെ നേരിടാൻ ഒരുങ്ങുന്ന ജർമ്മൻ താരവും അഞ്ചാം സീഡുമായ അലക്‌സാണ്ടർ സെരവ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കൂടിയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാൽ ഗ്രാന്റ് സ്‌ലാമുകളിൽ പതറുന്ന സ്വഭാവം സെരവിനു വെല്ലുവിളി ആണ്.
ഉജ്ജ്വല ഫോമിലുള്ള ആറാം സീഡ് മറ്റിയോ ബരേറ്റിനി, പത്താം സീഡ് ആന്ദ്ര റൂബ്ലേവ് എന്നിവർ ഇന്ന് നേർക്കുനേർ വരുന്നതിനാൽ ഒരാൾ മാത്രമേ ക്വാർട്ടർ ഫൈനലിൽ എത്തുകയുള്ളൂ. മികച്ച ഫോമിലുള്ള പത്രണ്ടാം സീഡ് ഡെന്നിസ് ഷപോവലോവിനെയും കിരീടപോരാട്ടത്തിൽ ഒഴിവാക്കാൻ പറ്റാത്ത പേരാണ്. തങ്ങൾക്ക് ലഭിച്ച സുവർണാവസരം ഇവരിൽ ആരു മുതലാക്കും അല്ലെങ്കിൽ കളയും എന്നു കാത്തിരുന്നു തന്നെ കാണാം. ബിഗ് 3 ആധിപത്യം കണ്ട ഒന്നര പതിറ്റാണ്ട് കാലത്തിനു ശേഷം പുരുഷ ടെന്നീസിൽ പുതിയ ജേതാവ് ഉണ്ടാവുന്നത് ആരാധകർക്ക് വലിയ ഉണർവ് പകർന്നേക്കും.