തന്റെ ആദ്യ ശ്രമത്തിൽ തന്നെ പുരുഷന്മാരുടെ ജാവ്ലിന് ത്രോ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ നീരജ് ചോപ്ര. ഏറെ പ്രതീക്ഷയുള്ള മത്സരയിനമായ ജാവ്ലിനിൽ തന്റെ ആദ്യ ശ്രമത്തിൽ 86.65 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യന്‍ താരം ഗ്രൂപ്പ് എയിൽ നിന്ന് നേരിട്ട് യോഗ്യത നേടിയത്. ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ചോപ്ര യോഗ്യത നേടിയത്.
83.50 ആയിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കുള്ള ദൂരം. ഈ ഗ്രൂപ്പിൽ നിന്ന് മൂന്ന് പേരാണ് നേരിട്ട് യോഗ്യത നേടിയത്. ജര്‍മ്മന്‍ ജാവ്ലിന് ഇതിഹാസം ജോഹാന്‍സ് വെറ്ററിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ താരം ഫൈനലിൽ കടന്നത്.
ജര്‍മ്മന്‍ താരം ആദ്യ രണ്ട് ശ്രമങ്ങളിൽ 82 മീറ്ററിലും കുറച്ച് മാത്രം അധികം നേടിയ ശേഷം അവസാന ശ്രമത്തിൽ 85.64 മീറ്റര്‍ നേടിയാണ് ഫൈനലിലേക്ക് കടന്നത്. ജോഹന്‍സ് വെറ്ററിന്റെ പേഴ്സണൽ ബെസ്റ്റ് 97.76 മീറ്ററാണ്.
ഇന്ത്യന്‍ താരത്തിന്റെ പേഴ്സണൽ ബെസ്റ്റ് 88.07 മീറ്ററാണ്. ഇന്ത്യയുടെ ശിവ്പാൽ സിംഗ് രണ്ടാമത്തെ ഗ്രൂപ്പിൽ യോഗ്യത മത്സരത്തിനായി ഇറങ്ങുന്നുണ്ട്.