യൂറോപ്പിലെ ബോറൻ സൗഹൃദ മത്സരങ്ങൾക് അവസാനം കുറിക്കാൻ യുവേഫ നടപ്പിലാക്കിയ നേഷൻസ് ലീഗിന് ഇന്ന് ഫൈനൽ. ചരിത്രത്തിലെ ആദ്യ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ ഹോളണ്ടിനെ നേരിടും. പോർച്ചുഗലിലെ പോർട്ടോയിലാണ് ഫൈനൽ അരങ്ങേറുക. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.15 നാണ് മത്സരം കിക്കോഫ്.
നേഷൻസ് ലീഗിന്റെ ആവേശം എത്രത്തോളം ഉണ്ടാകും എന്ന് സംശയം പ്രകടപ്പിച്ചവർക്ക് മറുപടി നൽകുന്ന ഫൈനലാണ് ഇത്. ലോക ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ നയിക്കുന്ന പോർച്ചുഗലും വിർജിൽ വാൻ ഡേയ്ക് എന്ന ലോകോത്തര ഡിഫൻഡർ നയിക്കുന്ന ഹോളണ്ടും നേർക്ക് നേർ വരുമ്പോൾ അത് ഫുട്‌ബോൾ ആരാധകർക്ക് ആവേഷമാകുന്ന ഫൈനാലാകും എന്ന് ഉറപ്പാണ്.
സ്വിറ്റ്സെർലാന്റിനെ സെമിയിൽ മറികടന്നാണ് പോർച്ചുഗൽ ഫൈനൽ ഉറപ്പാക്കിയതെങ്കിൽ ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനെ ആവേശകരമായ മത്സരത്തിന് ഒടുവിൽ കീഴടക്കിയാണ് ഹോളണ്ട് ഫൈനൽ ബെർത്ത് ഉറപ്പാക്കിയത്. 2016 യൂറോ, 2018 ലോകകപ്പ് എന്നിവയിൽ ഒന്നും യോഗ്യത നേടാനാവാതിരുന്ന ഹോളണ്ട് ടീമിന്റെ ശക്തമായ തിരിച്ചുവരവാണ് നേഷൻസ് ലീഗിൽ കണ്ടത്. ഈ പുനർജന്മം ഒരു കിരീടംകൊണ്ട് പൂർത്തിയാക്കാനാകും ഹോളണ്ടിന്റെ ശ്രമം എങ്കിൽ 2016 യൂറോ ജേതാക്കളുടെ കരുത്ത് ചോർന്നിട്ടില്ല എന്ന് തെളിയിക്കുക എന്നതാകും പോർച്ചുഗലിന്റെ ശ്രമം.