ഇറ്റാലിയൻ സീരി എയിൽ വിജയകുതിപ്പ് തുടർന്ന് നാപോളി. ലീഗിലെ അവസാന സ്ഥാനക്കാരിൽ ഒന്നായ ക്രമോൻസെയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു നാപോളി തകർത്തത്. ജയത്തോടെ ലീഗിൽ നാപോളി ഒന്നാമത് തുടരും. 26 മത്തെ മിനിറ്റിൽ വിചയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി മറ്റെയോ പോളിറ്റാനോ ലക്ഷ്യത്തിൽ എത്തിച്ചതോടെ നാപോളി മത്സരത്തിൽ മുന്നിലെത്തി. രണ്ടാം പകുതി തുടങ്ങിയ ഉടൻ സിരിയൽ ഡ്രസർ ഗോൾ നേടിയതോടെ ആതിഥേയർ സമനില പിടിച്ചു. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ നാപോളി അവസാന നിമിഷങ്ങളിൽ 3 ഗോളുകൾ നേടി ജയം പിടിച്ചെടുക്കുക ആയിരുന്നു.
76 മത്തെ മിനിറ്റിൽ മരിയോ റൂയിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ പകരക്കാരനായി ജിയോവാണി സിമിയോണി നാപോളിയെ വീണ്ടും മുന്നിൽ എത്തിച്ചു. ഇഞ്ച്വറി സമയത്ത് 93, 95 നിമിഷങ്ങളിൽ പിറന്ന ഗോളുകൾ നാപോളിക്ക് വലിയ ജയം സമ്മാനിക്കുക ആയിരുന്നു. വിചയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ ഹിർവിങ് ലൊസാനോ ഗോൾ നേടിയതോടെ നാപോളി ജയം ഉറപ്പിച്ചു. തുടർന്ന് 2 മിനിറ്റിനുള്ളിൽ ജിയോവാണി ഡി ലോറെൻസോയുടെ ക്രോസിൽ നിന്നു മതിയാസ് ഒളിവേറ ഹെഡറിലൂടെ ഗോൾ നേടിയതോടെ നാപോളി ജയം പൂർത്തിയാക്കി. നിലവിൽ രണ്ടാമതുള്ള അറ്റലാന്റയെക്കാൾ 2 പോയിന്റുകൾ മുന്നിൽ ആണ് നാപോളി.