ഇറ്റാലിയൻ സീരി എയിൽ കിരീടം ലക്ഷ്യം വക്കുന്ന നാപോളിക്ക് വമ്പൻ തിരിച്ചടി. ദുർബലരായ എമ്പോളിക്ക് എതിരെ അവിശ്വസനീയം ആയ വിധം ആണ് നാപോളി പരാജയം വഴങ്ങിയത്. 79 മത്തെ മിനിറ്റ് വരെ മുന്നിട്ട് നിന്ന നാപോളിയെ അവസാന പത്ത് മിനിറ്റിൽ 3 ഗോളുകൾ അടിച്ചു എമ്പോളി പരാജയപ്പെടുത്തുക ആയിരുന്നു. സീസണിൽ ഡിസംബറിൽ നാപോളിയെ തോൽപ്പിച്ച ശേഷം ഇത് ആദ്യമായാണ് ഒരു സീരി എ മത്സരം എമ്പോളി ജയിക്കുന്നത്. മത്സരത്തിൽ പന്ത് കൈവശം വച്ചത് അധികവും നാപോളി ആയിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് എമ്പോളി ആയിരുന്നു. ആദ്യ പകുതി അവസാനിക്കും മുമ്പ് ലൊസാനോയുടെ പാസിൽ നിന്നു മെർട്ടൻസ് ആണ് നാപോളിക്ക് ആദ്യ ഗോൾ സമ്മനിച്ചത്.
തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്ദ്ര ഫ്രാങ്കിന്റെ പാസിൽ നിന്നു ലോറൻസോ ഇൻസിഗ്നെ നാപോളിക്ക് രണ്ടാം ഗോളും സമ്മാനിച്ചു. ജയം ഉറപ്പിച്ച നാപോളി പക്ഷെ അവസാന പത്ത് മിനിറ്റിൽ ഞെട്ടി. 80 മത്തെ മിനിറ്റിൽ ലിയാം ഹെന്റേഴ്സൻ ഒരു ഗോൾ മടക്കിയപ്പോൾ 83 മത്തെ മിനിറ്റിൽ ഇന്റർ മിലാനിൽ നിന്നു ലോണിൽ കളിക്കുന്ന ആന്ദ്രയ പിനമൗണ്ടി എമ്പോളിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് 87 മത്തെ മിനിറ്റിൽ ബജ്റാമിയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ പിനമൗണ്ടി അവർക്ക് തകർപ്പൻ ജയം സമ്മാനിച്ചു. പരാജയത്തോടെ മിലാൻ ക്ലബുകൾക്ക് പിറകിൽ മൂന്നാമതുള്ള നാപോളിയുടെ കിരീട സാധ്യതകൾക്ക് വലിയ മങ്ങൽ ഏറ്റു. നിലവിൽ നാപോളി കിരീടം നേടാൻ വലിയ അബദ്ധം മിലാൻ ക്ലബുകൾ കാണിക്കേണ്ടി വരും.