ഇറ്റാലിയൻ സീരി എയിൽ മറഡോണ യുഗത്തിന് ശേഷം കിരീടം എന്ന നാപോളി സ്വപ്നത്തിനു ഊർജ്ജം പകർന്നു വീണ്ടും നാപോളി ജയം. ലിവർപൂളിന് എതിരെ ചാമ്പ്യൻസ് ലീഗിൽ സീസണിലെ ആദ്യ പരാജയം അറിഞ്ഞ അവർ ലീഗിൽ ഇന്ന് രണ്ടാം സ്ഥാനക്കാർ ആയ അറ്റലാന്റയെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു വിജയവഴിയിൽ തിരിച്ചെത്തി. ജയത്തോടെ രണ്ടാമതുള്ള അറ്റലാന്റയെക്കാൾ 8 പോയിന്റുകൾ മുന്നിൽ ഒന്നാമത് ആണ് 13 മത്സരങ്ങൾക്ക് ശേഷം നാപോളി ഇപ്പോൾ.
പന്ത് കൈവശം വക്കുന്നതിൽ നാപോളി നേരിയ ആധിപത്യം പുലർത്തി എങ്കിലും കൂടുതൽ അവസരങ്ങൾ അറ്റലാന്റയാണ് ഉണ്ടാക്കിയത്. 19 മത്തെ മിനിറ്റിൽ വിക്ടർ ഒസിമന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലുക്മാൻ അറ്റലാന്റയെ മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ നാലു മിനിറ്റിനുള്ളിൽ സിലൻസ്കിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ വിക്ടർ ഒസിമൻ തന്റെ തെറ്റിനു പരിഹാരം ചെയ്തു. 35 മത്തെ മിനിറ്റിൽ ഒസിമന്റെ പാസിൽ നിന്നു ഗോൾ നേടിയ എൽജിസ് എൽമാസ് നാപോളിക്ക് വിലയേറിയ ജയം സമ്മാനിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ സമനിലക്ക് ആയുള്ള അറ്റലാന്റ ശ്രമങ്ങൾ എല്ലാം നാപോളി തടയുക ആയിരുന്നു.