ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ നാലാം മത്സരത്തിലും ജയം കണ്ടു നാപോളി. ഒരിക്കൽ കൂടി അയാക്സിനെ അവർ തകർക്കുക ആയിരുന്നു. രണ്ടിന് എതിരെ നാലു ഗോളുകൾക്ക് ആയിരുന്നു നാപോളി ജയം. മികച്ച ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ നാപോളി മുന്നിലെത്തി. മികച്ച ടീം നീക്കത്തിന് ഒടുവിൽ സിലെൻസ്കിയുടെ പാസിൽ നിന്നു ഹിർവിങ് ലൊസാനോ ആണ് ഗോൾ നേടിയത്. പതിനാറാം മിനിറ്റിൽ പുത്തൻ താരോദയം ക്വിച കവരറ്റ്സ്കേലിയയുടെ പാസിൽ നിന്നു ഉഗ്രൻ അടിയിലൂടെ ജിയകോമോ റാസ്‌പഡോറി നാപോളിക്ക് രണ്ടാം ഗോൾ സമ്മാനിക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കാൽവിൻ ബാസിയുടെ ക്രോസിൽ നിന്നു ഗോൾ നേടിയ ഡേവി ക്ലാസൻ അയാക്‌സിനു തിരിച്ചു വരവ് പ്രതീക്ഷ നൽകി. 62 മത്തെ മിനിറ്റിൽ ടിമ്പറിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ക്വിച കവരറ്റ്സ്കേലിയ നാപോളിക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. സീസണിൽ 13 കളികളിൽ നിന്നു 7 ഗോളുകൾ നേടിയ ജോർജിയൻ താരം 7 ഗോളുകൾക്ക് അവസരവും ഒരുക്കി. 83 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി സ്റ്റീവൻ ബെർഗ്വിൻ അയാക്സിന് വീണ്ടും പ്രതീക്ഷ നൽകി. അയാക്‌സ് പ്രതിരോധ പ്രസ് ചെയ്ത വിക്ടർ ഒസ്മിഹൻ 89 മത്തെ മിനിറ്റിൽ നാപോളി ജയം ഉറപ്പിച്ചു. നേരത്തെ നേടിയ ഗോൾ ഓഫ് സൈഡ് വിളിച്ച പകരക്കാരനായി ഇറങ്ങിയ ഒസ്മിഹനു ഈ ഗോൾ അർഹിച്ചത് തന്നെയായിരുന്നു. ജയത്തോടെ അവസാന പതിനാറിൽ നാപോളി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.