മതിലായി സിമോൻ മിന്യൂലെ, ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ എത്തി ക്ലബ് ബ്രുഗ്ഗെ

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായി അവസാന പതിനാറിലേക്ക് മുന്നേറി ബെൽജിയം ക്ലബ് ആയ ക്ലബ് ബ്രുഗ്ഗെ. അത്ലറ്റികോ മാഡ്രിഡിനെ മാഡ്രിഡിൽ ഗോൾ രഹിത സമനിലയിൽ തളച്ച അവർ ഗ്രൂപ്പ് ബിയിൽ നാലു കളികളിൽ നിന്നു 10 പോയിന്റുകൾ നേടിയാണ് അവസാന പതിനാറിൽ സ്ഥാനം പിടിച്ചത്. ചാമ്പ്യൻസ് ലീഗിൽ നാലു മത്സരങ്ങളിൽ നാലു പോയിന്റുകൾ മാത്രം ആണ് അത്ലറ്റികോക്ക് ഇത് വരെ നേടാൻ ആയത്. മുൻ ലിവർപൂൾ ഗോൾ കീപ്പർ സിമോൻ മിന്യൂലെയുടെ അവിസ്മരണീയ പ്രകടനം ആണ് ക്ലബ് ബ്രുഗ്ഗെക്ക് അവസാന പതിനാറിൽ സ്ഥാനം നൽകിയത്.

ചാമ്പ്യൻസ് ലീഗ്

ആദ്യ പകുതിയിൽ ഗ്രീസ്മാന്റെ ഗോൾ എന്നു ഉറപ്പിച്ച അവസരം തടഞ്ഞ മിന്യൂലെ രണ്ടാം പകുതിയിൽ മതിൽ പോലെ അത്ലറ്റികോ മാഡ്രിഡിനെ തടഞ്ഞു. 82 മത്തെ മിനിറ്റിൽ കമാൽ സോവാക്ക് ചുവപ്പ് കാർഡ് കണ്ടതോടെ പത്ത് പേരായി ചുരുങ്ങിയ ക്ലബ് ബ്രുഗ്ഗെ 90 മിനിറ്റുകളും വിജയകരമായി പ്രതിരോധിക്കുക ആയിരുന്നു. മൊറാറ്റയുടെ ഉഗ്രൻ ഷോട്ട് തല കൊണ്ട് തടുത്ത മിന്യൂലെ കുൻഹയുടെ ഷോട്ടും തടഞ്ഞു. അവസാന നിമിഷങ്ങളിൽ ബുക്നാനെ മൊളീന വീഴ്ത്തിയതിനു റഫറി ബെൽജിയം ക്ലബിന് അനുകൂലമായി പെനാൽട്ടി വിധിച്ചു എങ്കിലും വാർ ഈ തീരുമാനം തിരുത്തുക ആയിരുന്നു. ചരിത്ര രാത്രി തന്നെയായി മാഡ്രിഡിൽ ബെൽജിയം ക്ലബിന് ഇത്.