ജൂലിയൻ നഗൽസ്മാൻ. ഈ പേര് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച പരിശീലകർക്ക് ഇടയിൽ ചേർക്കപ്പെടും എന്ന് ആദ്യമായി പറഞ്ഞത് മുൻ ജർമ്മൻ താരം ടിം വിസെ ആയിരുന്നു. 2016 ജൂലിയൻ നഗൽസ്മാനെ മിനി മൗറീനോ എന്നായിരുന്നു വിളിച്ചത്. 33ആം വയസ്സിൽ ഇന്നലെ നഗൽസ്മാൻ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് ലെപ്സിഗിനെ നയിച്ചപ്പോൾ അതൊരു ചരിത്രമായി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ടീമിനെ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ എന്ന നേട്ടമാണ് അദ്ദേഹം ഇന്നലെ സ്വന്തമാക്കിയത്.
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളായ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും നഗൽസ്മാനെക്കാൾ പ്രായം കൂടുതൽ ഉണ്ട്. ലെപ്സിഗിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കൂടെയാണ് നഗൽസ്മാൻ ഇന്നലെ ക്ലബിനെ നയിച്ചത്. 2015ൽ ആയിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് നഗൽസാൻ മുഖ്യ പരിശീലക വേഷത്തിൽ ആദ്യം എത്തുന്നത്. 2015 ഒക്ടോബറിൽ ഹോഫൻഹെയിമിന്റെ പരിശീലക സ്ഥാനത്ത് നഗൽസ്മാൻ എത്തുമ്പോൾ അദ്ദേഹത്തിന് 28 വയസ്സ് മാത്രം പ്രായം. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ.
ഹോഫൻഹെയിമൻ അന്ന് റിലഗേഷൻ ഒഴിവാക്കാൻ പൊരുതുക ആയിരുന്നു. ആദ്യം ആ കടമ്പ കടക്കാൻ നഗൽസ്മാൻ ക്ലബിനെ സഹായിച്ചു. തൊട്ടടുത്ത സീസണിൽ ഹോഫൻഹെയിം ബുണ്ടസ് ലീഗയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവരുടെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. അന്ന് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായും നഗൽസ്മാൻ മാറി.
2019ൽ ആയിരുന്നു ലെപ്സിഗ് നഗൽസ്മാനെ പരിശീലകനാക്കിയത്. യുവ ക്ലബും യുവ പരിശീലകനും ഒരുമിച്ചതോടെ ജർമ്മനിയിൽ അത്ഭുതങ്ങൾ നടന്നു. ലെപ്സിഗ് പൊടുന്നനെ ജർമ്മനിയിലെ വലിയ ശക്തിയായി മാറി. ഇപ്പോൾ അവർ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് 2 വിജയങ്ങൾ മാത്രം അകലെ നിൽക്കുന്നു. മൗറീനോ പോർട്ടോയ്ക്ക് ഒപ്പം ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ അദ്ദേഹത്തിന് 41 വയസ്സായിരുന്നു. പെപ് ഗ്വാർഡിയോളോ ബാഴ്സലോണക്ക് ഒപ്പം ചരിത്രം സൃഷ്ടിക്കുമ്പോൾ വയസ്സ് 38 ആയിരുന്നു. നഗൽസ്മാൻ അവരിടെ ഒക്കെ ചരിത്രം മുഹൂർത്തങ്ങളെ മറികടന്ന് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുമോ എന്നറിയാൻ ഇനി ഒരാഴ്ച കൂടെ കാത്തിരിക്കാം.