നദാലിനായി ലോകം പ്രാർത്ഥനയോടെ

പാരീസിൽ സെമി ലൈനപ്പായി, അവസാന നാലിൽ നോർവേക്കാരൻ റൂഡ് ക്രൊയേഷ്യൻ താരം ചിലിച്ചിനെ നേരിടുമ്പോൾ, യുവ ജർമൻ സ്‌വേറെവ് സ്പാനിഷ് ഇതിഹാസം നദാലിനെ നേരിടുന്നു.

ഈ നാല് കളിക്കാർക്കിടയിലെ ഗ്രാൻഡ്സ്ലാം ട്രോഫികളുടെ എണ്ണം എടുത്താൽ മൊത്തം 22 ട്രോഫികളിൽ 21ഉം ഉയർത്തിയത് റഫയാണ്. ചിലിച് നേടിയ 2014ലെ യുഎസ് ഓപ്പൺ കിരീടമാണ് വേറെയുള്ളത്. പറഞ്ഞു വരുന്നത് കടലാസിലെ കണക്കുകളെ കുറിച്ചാണ്. നദാൽ ആദ്യ ഗ്രാൻഡ്സ്ലാം നേടിയത് 17 വർഷം മുൻപ് 2005ൽ റോളാണ്ട് ഗാറോസിൽ തന്നെ, ഈ കൂട്ടത്തിൽ ഒരിക്കലെങ്കിലും ഒന്നാം റാങ്ക് നേടിയ കളിക്കാരൻ നദാൽ മാത്രം. ഇതിന് മുൻപ് സ്‍വേറെവ് നദാലിനെ ഒരു തവണ തോല്പിച്ചപ്പോൾ, ചിലിച് രണ്ട് തവണ തോല്പിച്ചിട്ടുണ്ട്. റൂഡ് നദാലിനെ ഇത് വരെ തോല്പിച്ചിട്ടില്ല.

പക്ഷെ സെമിയിൽ റഫ നേരിടുന്ന സ്‌വേറെവ് നിസ്സാരക്കാരനല്ല. ഈ ടൂർണമെന്റിൽ അസാധ്യ ഫോമിലാണ് കളിക്കുന്നത്. സ്പാനിഷ് താരം അൽക്കറാസിനെ ക്വാർട്ടറിൽ തോൽപ്പിച്ച കളി നാം കണ്ടതാണ്. പക്ഷെ ക്ലേ കോർട്ടിൽ നദാലിനെ തോല്പിക്കാൻ ഈ 25കാരന് ഫോം മാത്രം മതിയാകില്ല.
Screenshot 20220601 052125 01
രണ്ടാം സെമിയിൽ 33കാരനായ ചിലിച് റൂഡിനെ നേരിടുമ്പോൾ കുറച്ചെങ്കിലും അഡ്വാന്റേജ് റൂഡിനാകും. തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സെമി കളിക്കുന്ന റൂഡ് പ്രായം കൊണ്ടും, ഫോം കൊണ്ടും ഏറെ മുന്നിലാണ്. 20ആം സീഡഡ് ആയ ചിലിച് സെമിയിൽ എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. റഷ്യൻ തേരോട്ടം തടഞ്ഞു സെമിയിൽ എത്തിയ ചിലിച്ചിനെ കുറച്ചു കാണാനും കഴിയില്ല, ഇക്കൂട്ടത്തിൽ കൂടുതൽ മുൻനിര താരങ്ങളെ തോൽപ്പിച്ചു സെമിയിലെത്തിയ താരം ചിലിച്ചാണ് എന്നതാണ്‌ കാര്യം.

ക്വാർട്ടർ കഴിഞ്ഞുള്ള ഓണ് കോർട്ട് അഭിമുഖത്തിൽ ഇനിയും വരില്ലേ ഇത് വഴി എന്ന ചോദ്യത്തിന് റഫ പറഞ്ഞത്, ഭാവിയെ കുറിച്ചു ഒന്നും പറയാൻ പറ്റില്ല പക്ഷെ സെമി കളിക്കാൻ ഞാൻ ഉണ്ടാകും എന്ന് മാത്രമാണ്. ഇക്കൊല്ലം ജയിച്ചാൽ അത് പാരീസിലെ നദാലിന്റെ 14ആം കിരീടമാകും. അടുത്ത വർഷം പാരീസിൽ ഉണ്ടാകുമോ എന്നു ഉറപ്പില്ല, പരിക്കുകളും വയസ്സും നദാലിനെ പിന്തുണക്കുന്നില്ല എന്നു നമുക്കും അറിയാം. ഇതൊക്കെ കൊണ്ടു ഇക്കൊല്ലം ട്രോഫി റഫ ഉയർത്തണം എന്നു തന്നെയാണ് ടെന്നീസ് ആരാധകർ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും.