ആർതർ ആഷെ സ്റ്റേഡിയത്തിൽ അതുഗ്രൻ പ്രകടനവും ആയി രണ്ടാം സീഡ് റാഫേൽ നദാൽ യു.എസ് ഓപ്പൺ അവസാന പതിനാറിൽ. ഗ്രാന്റ് സ്‌ലാമുകളിൽ ഈ വർഷം 22 മത്തെ ജയം കുറിച്ച നദാൽ ഫ്രഞ്ച് താരവും സുഹൃത്തും ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ കരിയറിൽ 18 മത്തെ തവണയും തോൽപ്പിച്ചു. ആദ്യ രണ്ടു സെറ്റുകളിൽ അവിശ്വസനീയ മികവ് കാണിച്ച നദാൽ 6-0, 6-1 എന്ന സ്കോറിന് മുന്നിലെത്തി. മൂന്നാം സെറ്റിൽ ഫ്രഞ്ച് താരം പൊരുതിയെങ്കിലും 7-5 നു സെറ്റ് കയ്യിലാക്കിയ നദാൽ നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 7 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത നദാൽ ഒരൊറ്റ തവണയാണ് ബ്രൈക്ക് വഴങ്ങിയത്.
ആർതർ ആഷെയിൽ രാത്രിയിൽ നടക്കുന്ന മത്സരങ്ങളിൽ 30 മത്തെ ജയം ആണ് നദാൽ കുറിച്ചത്. അവസാന പതിനാറിൽ 22 സീഡ് അമേരിക്കൻ താരം ഫ്രാൻസസ് ടിയെഫോ ആണ് നദാലിന്റെ എതിരാളി. അമേരിക്കൻ യുവതാരം ബ്രാണ്ടൻ നകഷിമയെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു 11 സീഡ് ഇറ്റലിയുടെ യാനിക് സിന്നറും അവസാന പതിനാറിൽ എത്തി. നദാലിനു പിറകെ ഈ സീസണിൽ നാലു ഗ്രാന്റ് സ്‌ലാമുകളിലും നാലാം റൗണ്ടിൽ എത്തുന്ന രണ്ടാമത്തെ താരമാണ് സിന്നർ. 3-6, 6-4, 6-1, 6-2 എന്ന സ്കോറിന് ആണ് സിന്നർ ജയിച്ചത്.
26 സീഡ് ഇറ്റാലിയൻ താരം ലോറെൻസോ മുസെറ്റിയെ 6-4, 3-6, 6-2, 6-3 എന്ന സ്കോറിന് അട്ടിമറിച്ചു വരുന്ന ഇല്യ ഇവാഷ്കയാണ് സിന്നറിന്റെ നാലാം റൗണ്ടിലെ എതിരാളി. ലഭിച്ച ഏഴ് അവസരങ്ങളിലും മുസെറ്റിയുടെ സർവീസ് എതിരാളി ബ്രൈക്ക് ചെയ്തു. ഇരുപതാം സീഡ് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്ന 15 സീഡ് ക്രൊയേഷ്യൻ താരം മാരിൻ ചിലിചും അവസാന പതിനാറിൽ എത്തി. 7-6(13-11), 6-7(3-7), 6-2, 7-5 എന്ന സ്കോറിന് ആണ് 2014 യു.എസ് ഓപ്പൺ ജേതാവ് ജയം കണ്ടത്. മത്സരത്തിൽ 26 ഏസുകൾ ആണ് ചിലിച് ഉതിർത്തത്. അവസാന പതിനാറിൽ മൂന്നാം സീഡ് സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ ആണ് ചിലിചിന്റെ എതിരാളി. ഉഗ്രൻ മത്സരം ആവും ഇത്.