എ.ടി.പി 500 മാസ്റ്റേഴ്സ് ആയ മെക്സിക്കൻ ഓപ്പണിൽ ലോക ഒന്നാം നമ്പർ ഡാനിൽ മെദ്വദേവും റാഫേൽ നദാലും സെമിയിൽ ഏറ്റുമുട്ടും. ഈ വർഷത്തെ അവിസ്മരണീയമായ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന് ശേഷം ആദ്യമായാണ് ഇരു താരങ്ങളും പരസ്പരം ഏറ്റുമുട്ടുക. ഒന്നാം സീഡ് ആയ മെദ്വദേവ് ജപ്പാൻ താരം യോഷിട്ടോ നിഷിയോക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത മെദ്വദേവ് മൂന്നു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 6-2, 6-3 എന്ന സ്കോറിന് ആയിരുന്നു ലോക ഒന്നാം നമ്പറിന്റെ ജയം. അതേസമയം 2022 ലെ തുടർച്ചയായ 13 മത്തെ ജയം ആണ് നദാൽ ക്വാർട്ടറിൽ കുറിച്ചത്. അമേരിക്കൻ താരം ടോമി പോളിനെതിരെ ആദ്യ സെറ്റിൽ 6-0 നു ആണ് നദാൽ വിജയം കണ്ടത്.
രണ്ടാം സെറ്റിൽ എന്നാൽ നദാലിന്റെ സർവീസുകൾ മൂന്നു തവണ അമേരിക്കൻ താരം ബ്രൈക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ സെറ്റ് നേടിയ നദാൽ സെമി ഉറപ്പിച്ചു. അമേരിക്കൻ താരം മാർക്കോസ് ഗിറോനെ 6-3, 6-4 എന്ന സെറ്റുകൾക്ക് തകർത്ത മൂന്നാം സീഡ് സ്റ്റെഫനോസ് സിറ്റിപാസും മെക്സിക്കയിൽ സെമിയിൽ എത്തി. രണ്ടു സെറ്റിലും ഓരോ ബ്രൈക്ക് വീതം കണ്ടത്തിയാണ് ഗ്രീക്ക് താരം ജയം കണ്ടത്. സെമിയിൽ ആറാം സീഡ് ബ്രിട്ടീഷ് താരം കാമറൂൺ നോറിയാണ് സിറ്റിപാസിന്റെ എതിരാളി. ജർമ്മൻ താരം പീറ്റർ ഗോജവിസ്കിയെ 6-1, 6-0 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ബ്രിട്ടീഷ് താരം ക്വാർട്ടറിൽ തകർത്തത്. മത്സരത്തിൽ ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാൻ നോറിക്ക് ആയി.