ഐപിഎലിൽ ആദ്യ ജയം തേടിയിറങ്ങിയ മുംബൈ 169 റൺസ് എന്ന വിജയം ലക്ഷ്യം നേടാൻ ആകാതെ പരാജയം വഴങ്ങി. 36 റൺസിനാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് വിജയിച്ചത്. മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാൻ മാത്രമെ ആയുള്ളൂ. മുംബൈയുടെ എട്ടാമത്തെ പരാജയമാണിത്. എട്ടിൽ എട്ടു പരാജയം എന്നത് ഐ പി എല്ലിലെ എക്കാലത്തെയും മോശം റെക്കോർഡാണ്.
ഇന്ന് ഇഷൻ കിഷൻ 20 പന്തിൽ നിന്ന് 8 റൺസുമായി ആദ്യം മടങ്ങി. 3 റൺസ് മാത്രം എടുത്ത് ബ്രെവിസ്, 7 മാത്രം എടുത്ത് സൂര്യകുമാർ യാദവ് എന്നിവരും കൂടാരത്തിലേക്ക് പിന്നാലെ മടങ്ങി. രോഹിത് ശർമ്മ 39 റൺസ് എടുത്തു എങ്കിലും സ്കോറിങിന് വേഗം കൂട്ടാനായില്ല.
അവസാനം പൊള്ളാർഡും തിലക് വർമ്മയും കൂടെ രക്ഷാപ്രവർത്തനം നടത്തി എങ്കിലും റൺറേറ്റ് അവർക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിനും മുകളിൽ ആയിരുന്നു. പൊള്ളാർഡ് 20 പന്തിൽ 19 റൺസും തിലക് വർമ്മ 27 പന്തിൽ 38 റൺസും എടുത്തു.
നേരത്തെ ആദ്യം ബാറ്റു ചെയ്ത് ലഖ്നൗ 168 റൺസ് നേടിയിരുന്നു. കെഎൽ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് ടീമിനെ 6 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തിച്ചത്. 103 റൺസ് നേടി പുറത്താകാതെ നിന്ന് രാഹുലാണ് ലക്നൗവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. 62 പന്തിലാണ് രാഹുലിന്റെ ഈ നേട്ടം.
ക്വിന്റൺ ഡി കോക്കിനെ ജസ്പ്രീത് ബുംറ മടക്കിയയ്ച്ചതിന് ശേഷം മനീഷ് പാണ്ടേയെ കൂട്ടുപിടിച്ച് രാഹുല്‍ ലക്നൗവിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 22 റൺസ് നേടിയ മനീഷ് പുറത്താകുമ്പോള്‍ 85 റൺസായിരുന്നു ലക്നൗ നേടിയത്.
ഒരു വശത്ത് കെഎൽ രാഹുല്‍ തന്റെ സ്കോറിംഗ് വേഗത്തിലാക്കിയെങ്കിലും സ്റ്റോയിനിസിനെയും ക്രുണാൽ പാണ്ഡ്യയെയും പന്തുകളുടെ വ്യത്യാസത്തിൽ നഷ്ടമായത് ലക്നൗവിന് തിരിച്ചടിയായി.
ദീപക് ഹൂഡയടെ വിക്കറ്റും ടീമിന് നഷ്ടമാകുമ്പോള്‍ ടീം 121/5 എന്ന നിലയിലായിരുന്നു. അവസാന ഓവറിൽ രാഹുല്‍ ആദ്യ പന്തിൽ സിക്സര്‍ നേടിയാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. പിന്നീടുള്ള ഓവറുകളിൽ 25 പന്തിൽ 47 റൺസ് നേടി കെഎൽ രാഹുലും ആയുഷ് ബദോനിയും ലക്നൗവിനെ മുന്നോട്ട് നയിച്ചു. ബദോനി രണ്ട് പന്ത് അവശേഷിക്കവെ പുറത്താകുമ്പോള്‍ 14 റൺസാണ് താരം നേടിയത്.