തുടക്കം ഡി കോക്ക്, പിന്നെ സൂര്യകുമാര്‍, മുംബൈയ്ക്ക് അഞ്ചാം വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഘട്ടത്തില്‍ ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ യാദവും തങ്ങളുടെ അര്‍ദ്ധ ശതകങ്ങളുമായി മുംബൈയെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ നേടി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചുവെങ്കിലും അഞ്ചാം ജയം സ്വന്തമാക്കുവാന്‍ മുംബൈയ്ക്കായി. 2 പന്ത് അവശേഷിക്കെയാണ് മുംബൈയുടെ 5 വിക്കറ്റ് വിജയം. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഡല്‍ഹിയെ പിന്തള്ളി ഒന്നാമതെത്തി.

Suryakumaryadav

രോഹിത് ശര്‍മ്മയെ(5) അഞ്ചാം ഓവറില്‍ നഷ്ടമാകുമ്പോള്‍ 31 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. രോഹിത് മടങ്ങിയെങ്കിലും ക്വിന്റണ്‍ ഡി കോക്കിന് നിര്‍ത്തുവാന്‍ ഉദ്ദേശമില്ലായിരുന്നു. ഡല്‍ഹി ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ച് തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ താരം 33 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

എന്നാല്‍ അധികം വൈകാതെ രവിചന്ദ്രന്‍ അശ്വിന്‍ താരത്തെ പുറത്താക്കിയപ്പോള്‍ 53 റണ്‍സായിരുന്നു ഡി കോക്കിന്റെ സംഭാവന. സൂര്യകുമാര്‍ യാദവിനൊപ്പം 46 റണ്‍സാണ് ഡി കോക്ക് രണ്ടാം വിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടി നേടിയത്. ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവ് നിര്‍ത്തുവാനുള്ള തീരുമാനത്തിലായിരുന്നില്ല.

ഡല്‍ഹി ബൗളര്‍മാരെ അടിച്ച് തകര്‍ത്ത മുംബൈ താരം 30 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും അതിന് ശേഷം സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മടങ്ങിയതോടെ അനായാസമായിരുന്ന ചേസില്‍ മുംബൈ ക്യാമ്പില്‍ ആദ്യമായി പരിഭ്രാന്തി പടര്‍ന്നു. മാര്‍ക്കസ് സ്റ്റോയിനിസിനായിരുന്നു പാണ്ഡ്യയുടെ വിക്കറ്റ്.

Delhicapitals

എന്നാല്‍ ഇഷാന്‍ കിഷനും കൈറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് സംയമനത്തോടെ ബാറ്റ് വീശിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം അവസാന മൂന്നോവറില്‍ 18 റണ്‍സായി മാറി. റബാഡ എറിഞ്ഞ 18ാം ഓവറില്‍ ഇഷാന്‍ കിഷന്‍ രണ്ടാം പന്തില്‍ സിക്സര്‍ നേടുകയായിരുന്നു. പൃഥ്വിയുടെ കൈകളില്‍ തട്ടിയാണ് പന്ത് സിക്സര്‍ പോയത്. അടുത്ത പന്തില്‍ വീണ്ടുമൊരു വലിയ ഷോട്ടിന് ശ്രമിച്ച കിഷന്റെ വിക്കറ്റ് റബാഡ നേടി. 15 പന്തില്‍ 28 റണ്‍സ് നേടിയ താരത്തിനെ അക്സര്‍ പട്ടേല്‍ മികച്ച ക്യാച്ചിലൂടെയാണ് പവലിയനിലേക്ക് മടക്കിയത്.

റബാഡയുടെ ഓവറില്‍ നിന്ന് കിഷനെ നഷ്ടമായെങ്കിലും മുംബൈ 8 റണ്‍സ് നേടിയിരുന്നു. ഇതോടെ 12 പന്തില്‍ 10 റണ്‍സ് നേടേണ്ടിയിരുന്ന മുംബൈയ്ക്ക് ആന്‍റിക് നോര്‍കിയയുടെ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് നേടാനായത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 7 റണ്‍സായി.

പൊള്ളാര്‍ഡ് 14 പന്തില്‍ 11 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 7 പന്തില്‍ 12 റണ്‍സും നേടിയാണ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്. 14 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.