മൂന്ന് പെനാൾട്ടികൾ പിറന്ന മത്സരത്തിൽ അവസാനം ജംഷദ്പൂരിന് വിജയം. ഇന്ന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ 2 ഗോളിന്റെ ലീഡ് എടുത്ത ശേഷം സമനില വഴങ്ങും എന്ന് തോന്നിച്ച ജംഷദ്പൂർ ആണ് ഇഞ്ച്വറി ടൈമിലെ ഒരു പെനാൾട്ടിയിൽ വിജയം നേടിയത്. ആദ്യ പകുതിയിൽ തന്നെ ജംഷദ്പൂർ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 9ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ വക ആയിരുന്നു ജംഷദ്പൂരിന്റെ ആദ്യ ഗോൾ.
പിന്നാലെ 30ആം മിനുട്ടിൽ റിത്വിക് ദാസ് ജംഷദ്പൂരിന്റെ ലീഡ് ഇരട്ടിയാക്കി. ചിമയുടെ ഒരു പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു റിത്വികിന്റെ ഗോൾ.
രണ്ടാം പകുതിയിൽ മുംബൈ സിറ്റി ശക്തമായി തിരികെ വന്നു. 57ആം മിനുട്ടിൽ ഡിഫൻഡർ രാഹുൽ ബെഹ്കെ മുംബൈ സിറ്റിക്ക് ഒരു ഗോൾ നൽകി കളിയിലേക്ക് തിരികെ വന്നു. പിന്നാലെ രണ്ട് പെനാൾട്ടികൾ മുംബൈ സിറ്റിക്ക് ലഭിച്ചു. ആദ്യ പെനാൾട്ടി അംഗുളോ നഷ്ടപ്പെടുത്തിയപ്പോൾ രണ്ടാം പെനാൾട്ടി മൗറീസിയോ വലയിലാക്കി മുംബൈ സിറ്റിക്ക് 2-2ന്റെ സമനില നൽകി.
കളി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടി കൂടെ പിറന്നു. ഇത്തവണ ജംഷദ്പൂരിന് അനുകൂലമായിട്ട്. 94ആം മിനുട്ടിൽ ഗ്രെഗ് സ്റ്റുവർട്ട് ആ പെനാൾട്ടി വലയിൽ എത്തിച്ച് ജംഷദ്പൂരിന് വിജയം നൽകി.
ഈ വിജയത്തോടെ ജംഷദ്പൂർ 28 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.മുംബൈ സിറ്റി 25 പോയിന്റുമായി അഞ്ചാമത് ആണ്.