സൂപ്പർ സൺഡേയിലെ ആദ്യ മത്സരത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ഗോവക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്.
മുംബൈ സിറ്റിയെ നേരിടാനിറങ്ങുന്ന ഗോവ മികച്ച ഫോമിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഗോവ പരാജയം അറിഞ്ഞിട്ടില്ല. കഴിഞ്ഞ 3 മത്സരങ്ങളും ജയിച്ചാണ് അവരുടെ വരവ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്‌പൂർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവരെയാണ് കഴിഞ്ഞ മത്സരങ്ങളിൽ ഗോവ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിൽ നിന്ന് ഗോവയിൽ എത്തിയ മാർക്ക് സിഫ്‌നിയോസ് ഇന്ന് ഗോവൻ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. 10 ഗോൾ നേടിയ ഫെറയിൻ കോറോമിനാസും 7 ഗോൾ നേടിയ മാനുവൽ ലാൻസറൊട്ടേയും മികച്ച ഫോമിലായത് ഗോവക്ക് പ്രതീക്ഷ നൽകും.
മുംബൈ ആവട്ടെ കഴിഞ്ഞ മൂന്ന് മത്സരത്തിൽ വിജയം നേടാനാവാതെയാണ് ഇന്നിറങ്ങുന്നത്. ജംഷഡ്‌പൂരിനെതിരെ സമനിലയിൽ കുടുങ്ങിയ മുംബൈ ബെംഗളൂരു എഫ്.സിയോടും കേരള ബ്ലാസ്റ്റേഴ്സിനോടും പരാജയപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം കൂടിയേ തീരു. നേരത്തെ മുംബൈയിൽ ഇരു ടീമുകളും എട്ടു മുട്ടിയപ്പോൾ വിജയം മുംബൈ സിറ്റിക്ക് ഒപ്പം ആയിരുന്നു. അന്ന് 2-1നാണു മുംബൈ സിറ്റി വിജയം സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial