ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് വിരമിക്കുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടി നൽകി ഇതിഹാസ ക്രിക്കറ്റ് താരം എംഎസ് ധോണി. രാജ് ഷമാനി ഹോസ്റ്റ് ചെയ്ത ഒരു പോഡ്‌കാസ്റ്റിലെ സംഭാഷണത്തിൽ, കളിയിൽ നിന്ന് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള തന്റെ സമീപനത്തെക്കുറിച്ച് ധോണി വിശദീകരിച്ചു.

പൊതുജനങ്ങളുടെ അഭിപ്രായത്തെ ആശ്രയിച്ചല്ല, മറിച്ച് തന്റെ ശരീരത്തെ ആശ്രയിച്ചാണ് തന്റെ തീരുമാനമെന്ന് ധോണി വെളിപ്പെടുത്തി. “ഞാൻ ഇപ്പോഴും ഐപിഎൽ കളിക്കുന്നുണ്ട്. ഞാൻ കാര്യങ്ങൾ വളരെ ലളിതമായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്, ഓരോ വർഷവും ഞാൻ ഇതിൽ തീരുമാനം എടുക്കും. എനിക്ക് 43 വയസ്സായി, 2025 ഐപിഎൽ അവസാനിക്കുമ്പോഴേക്കും എനിക്ക് 44 വയസ്സാകും, അതിനാൽ അതിനുശേഷം ഞാൻ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എനിക്ക് 10 മാസമുണ്ട്.” ധോണി പറഞ്ഞു.
“പക്ഷേ തീരുമാനിക്കുന്നത് ഞാനല്ല, എന്റെ ശരീരമാണ് തീരുമാനിക്കുന്നത്. അതിനാൽ, ഓരോ വർഷവും, നമുക്ക് കാണാം,” ധോണി പോഡ്‌കാസ്റ്റിൽ പറഞ്ഞു.