മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ്, ഈ സീസണിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കുന്നത എംഎസ് ധോണി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ക്രിക്ബസിൽ സംസാരിക്കുകയായിരുന്നു ഗിൽക്രിസ്റ്റ്. 43 വയസ്സുള്ള ധോണിക്ക് കളത്തിൽ ഇനി ഒന്നും തെളിയിക്കാനില്ലെന്നും ടൂർണമെന്റിൽ നിന്ന് മാന്യമായി പടിയിറങ്ങണമെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

കൈ ഒടിഞ്ഞതിനെ തുടർന്ന് സ്ഥിരം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പുറത്തായതിനാൽ എംഎസ് ധോണിയാണ് നിലവിൽ സിഎസ്കെയെ നയിക്കുന്നത്. എന്നിരുന്നാലും, ടീമിന്റെ പ്രകടനം ഈ സീസണിൽ നിരാശാജനകമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രം നേടിയ അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
ധോണിയുടെ കളിയിലെ സംഭാവനകളെയും ലീഗിലെ ഇതിഹാസ പദവിയെയും ഗിൽക്രിസ്റ്റ് പ്രശംസിച്ചു. എന്നാൽ അടുത്ത തലമുറയ്ക്ക് വഴിമാറാനുള്ള സമയം ആയി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “എംഎസ് ധോണിക്ക് കളത്തിൽ ആർക്കും ഒന്നും തെളിയിക്കാനില്ല. എന്തു ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷേ ഒരുപക്ഷേ അടുത്ത വർഷം അദ്ദേഹം അവിടെ ഉണ്ടാകേണ്ടതില്ല. ഐ ലവ് യൂ എംഎസ്, നിങ്ങൾ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്,” ഗിൽക്രിസ്റ്റ് പറഞ്ഞു.