മോട്ടോ ജിപി കണ്ട എക്കാലത്തെയും മഹാനായ താരമായ വലന്റീനോ റോസി വിരമിക്കൽ പ്രഖ്യാപിച്ചു. ഈ സീസണിനു ശേഷം തന്റെ റേസിംഗ് കരിയർ അവസാനിക്കുക ആണെന്ന് പത്ര സമ്മേളനത്തിൽ ആണ് റോസി പ്രഖ്യാപിച്ചത്. 30 തോ അതിലധികമോ വർഷമോ ആയി തനിക്ക് റേസിംഗ് ട്രാക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാൻ ആവാത്ത നിമിഷങ്ങൾ ആണെന്ന് പറഞ്ഞ ഇറ്റാലിയൻ ഇതിഹാസം താൻ ആ വർഷങ്ങൾ വളരെ അധികം ആസ്വദിച്ചിരുന്നു എന്നും വ്യക്തമാക്കി. മോട്ടോ ജിപിയിലെ ഏതാണ്ട് എല്ലാ റെക്കോർഡുകളും സ്വന്തം പേരിലുള്ള റോസി 9 തവണയാണ് മോട്ടോ ജിപി ജേതാവ് ആയത്. 414 ഗ്രാന്റ് പ്രീയിൽ പങ്കെടുത്തു 115 എണ്ണത്തിൽ ജയിച്ച റോസി 235 തവണയാണ് കരിയറിൽ പോഡിയത്തിൽ റേസ് അവസാനിപ്പിച്ചത്. റേസിംഗ് മികവ് കൊണ്ടു ഡോക്ടർ എന്ന വിളിപ്പേരു പോലും റോസിക്ക് ലഭിച്ചിരുന്നു.
നിലവിൽ ഒമ്പത് റേസുകളിൽ നിന്നു 19 പോയിന്റുകളും ആയി പഴയ റോസിയുടെ നിഴൽ മാത്രം ആണ് കാണാനുള്ളത് എങ്കിലും റോസി ഇന്നും ഏറ്റവും വലിയ താരം തന്നെയാണ്. ഹോണ്ട യമഹ ബൈക്കിൽ 2001 മുതൽ 2005 വരെ തുടർച്ചയായ 5 തവണ ലോക ചാമ്പ്യൻ ആയ റോസിയുടെ പേരിൽ ആണ് ഏറ്റവും കൂടുതൽ വിജയങ്ങൾ, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം, ഏറ്റവും കൂടുതൽ പോയിന്റുകൾ തുടങ്ങി ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന മോട്ടോ ജിപി കരിയർ തുടങ്ങി സകല റെക്കോർഡുകളും. 400 ൽ അധികം റേസിൽ പങ്കെടുത്ത ഏക താരവും റോസി മാത്രമാണ്. 46 നമ്പർ അണിഞ്ഞു റോസി കുതിക്കുന്ന കാഴ്ചയാണ് റേസിംഗ് ആരാധകർക്ക് ഇനി നഷ്ടമാവുക, ഒപ്പം കളത്തിൽ നടന്ന ഒരുപാട് തീ പാറും പോരാട്ടങ്ങളും. വിരമിച്ചു എങ്കിലും റോസി സ്ഥാപിച്ച വി.ആർ 46 റേസിംഗ് ടീം ഇതിനകം തന്നെ മോട്ടോ ജിപിയിൽ സാന്നിധ്യം ആവുന്നുണ്ട്. താഴെക്കിടയിൽ മികച്ച ഡ്രൈവർമാർ അവരിലൂടെ വളർന്നു വരുന്നതും സമീപകാലത്ത് കണ്ടു. ഇനിയും ഉറപ്പായും ബൈക്കിൽ ഇല്ലെങ്കിലും റേസിംഗ് ഇടങ്ങളിൽ തന്നെ റോസി കാണും എന്നുറപ്പാണ്.