ഐ ലീഗിൽ ഗോകുലത്തിന് വീണ്ടും തോൽവി. ഇത്തവണ മിനർവയാണ് ഗോകുലം കേരളയെ സ്വന്ത ഗ്രൗണ്ടിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. 18ആം മിനുട്ടിൽ ഗഗൻദീപ് സിങ് നേടിയ ഗോളാണ് മിനർവക്ക് വിജയം ഒരുക്കിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഗോകുലത്തിനു തിരിച്ചടിയായത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് തൊട്ടടുത്ത് ഏത്താനും മിനർവക്കായി.
പുതുതായി ടീമിൽ എത്തിയ ഫോർവേഡ് ഒഡാഫ ഒക്കോലിയെ മുന്നിൽ നിർത്തിക്കൊണ്ടാണ് ഗോകുലം കേരള മത്സരം തുടങ്ങിയത്. മിനർവ ഗോൾ മുഖം ആക്രമിച്ച്കൊണ്ടാണ് ഗോകുലം മത്സരം തുടങ്ങിയത്. മിനർവ ഗോൾ കീപ്പർ രക്ഷിത് ദാഗറിന്റെ രക്ഷപെടുത്തലാണ് തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങുന്നതിൽ നിന്ന് അവരുടെ രക്ഷക്കെത്തിയത്.
തുടർന്നാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ വന്നത്. ഗോകുലം പ്രതിരോധ നിരയെ കബളിപ്പിച്ച് ചെഞ്ചോ തളികയിലെന്നോണം നൽകിയ പാസ് ഗോളാക്കി ഗഗൻദീപ് ഗോൾ നേടുകയായിരുന്നു. തുടർന്ന് ശക്തമായി തിരിച്ചടിച്ച ഗോകുലം ഗോകുലത്തിനു വേണ്ടി ആദ്യ മത്സരം കളിക്കുന്ന ഒഡാഫയിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും കിവി സീമോമിയുടെ ക്രോസ്സ് ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. തുടർന്ന് മത്സരത്തിൽ ലീഡ് നേടാനുള്ള അവസരം മിനർവക്ക് ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അവർക്കായില്ല.
ജയത്തോടെ ഒരു മത്സരം ശേഷിക്കെ ഈസ്റ്റ് ബംഗാളിന് തൊട്ടു പിറകിലെത്താൻ മിനർവക്കായി. 7 മത്സരങ്ങളിൽ നിന്ന് മിനർവക്ക് 16 പോയിന്റാണ് ഉള്ളത്. 8 മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാൾ 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 7 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഗോകുലം ഇപ്പോഴും ഒൻപതാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial