വനിന്‍ഡു ഹസരംഗ നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്കയുടെ കഥ ശ്രീലങ്ക കഴിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഡേവിഡ് മില്ലര്‍. അവസാന രണ്ടോവറിൽ 25 റൺസ് വേണ്ടപ്പോള്‍ ഡേവിഡ് മില്ലറും കാഗിസോ റബാഡയും നേടിയ നിര്‍ണ്ണായക സിക്സുകളാണ് ദക്ഷിണാഫ്രിക്കന്‍ വിജയം സാധ്യമാക്കിയത്. 15 പന്തിൽ 34 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ പ്രതീക്ഷകളെ ഇല്ലാതാക്കിയത്.
എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, ഡ്വെയിന്‍ പ്രിട്ടോറിയസ് എന്നിവരുടെ വിക്കറ്റാണ് ഹസരംഗ വീഴ്ത്തിയത്. 18 പന്തിൽ ജയിക്കുവാന്‍ 31 റൺസ് വേണ്ട ഘട്ടത്തിൽ ഹസരംഗയുടെ ഓവര്‍ അവസാനിച്ചപ്പോള്‍ 6 റൺസ് മാത്രം വിട്ട് നല്‍കി താരം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇതിൽ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവുമയും ഉള്‍പ്പെട്ടു.
46 റൺസാണ് ബാവുമ നേടിയത്. നേരത്തെ റീസ് ഹെന്‍ഡ്രിക്സിനെയും ക്വിന്റൺ ഡി കോക്കിനെയും ഒരേ ഓവറിൽ പുറത്താക്കി ദുഷ്മന്ത ചമീരയാണ് ദക്ഷിണാഫ്രിക്കയുടെ ചേസിംഗിന്റെ താളം തെറ്റിച്ചത്. പിന്നീട് ബാവുമ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനൊപ്പം 23 റൺസും എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം 37 റൺസും നേടി ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിനായി ശ്രമിച്ചുവെങ്കിലും ഹസരംഗ മാര്‍ക്രത്തെ(19) പുറത്താക്കി തന്റെ ഹാട്രിക്കിലെ ആദ്യ വിക്കറ്റ് നേടി.
18ാം ഓവര്‍ എറിയാനെത്തിയ ഹസരംഗ ബാവുമയെയും പ്രിട്ടോറിയസിനെയും വീഴ്ത്തി ഹാട്രിക്ക് നേടിയെങ്കിലും ഏഴാം വിക്കറ്റിൽ ഡേവിഡ് മില്ലറും കാഗിസോ റബാഡയും ദക്ഷിണാഫ്രിക്കയ്ക്കനുകൂലമായി മത്സരം മാറ്റി മറിച്ചു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി പതും നിസ്സങ്ക 58 പന്തിൽ 72 റൺസുമായാണ് ടോപ് സ്കോറര്‍ ആയത്. 14 പന്തിൽ 21 റൺസ് നേടിയ അസലങ്കയാണ് രണ്ടാമത്തെ ടോപ് സ്കോറര്‍. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും സ്കോറിംഗ് മുന്നോട്ട് നയിച്ച നിസ്സങ്ക ടീമിന്റെ സ്കോര്‍ 142ല്‍ എത്തിക്കുവാന്‍ സഹായിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ഷംസിയും പ്രിട്ടോറിയസും മൂന്ന് വീതം വിക്കറ്റും ആന്‍റിക് നോക്കിയ 2 വിക്കറ്റും നേടി.