അവസാന നാലു മത്സരങ്ങളിൽ ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന പരാതി നാലു ഗോളുകൾ അടിച്ച് തീർത്തിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സി. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ബാഴ്സലോണയ്ക്ക് ഒപ്പം ഇറങ്ങിയ മെസ്സി ഐബറിനെതിരെ നാല്പത് മിനുട്ടിനുള്ളിൽ തന്നെ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. മെസ്സിയുടെ ക്ലബ് കരിയറിലെ 48ആം ഹാട്രിക്ക് ആണിത്. റൊണാൾഡോയുടെ 47 ഹാട്രിക്കിനെ ഇതോടെ മറികടന്നു. ബാഴ്സലോണ എതിരില്ലാത്ത 5 ഗോളുകളുടെ വിജയം ആണ് ഇന്ന് സ്വന്തമാക്കിയത്.
14ആം മിനുട്ടിൽ ആണ് മെസ്സി ഇന്ന് ഗോളടി തുടങ്ങിയത്. 37ആം മിനുട്ടിലും 40ആം മിനുട്ടിലും കൂടെ ഗോൾ നേടിയതോടെ മെസ്സി ഹാട്രിക്ക് പൂർത്തിയാക്കി. 88ആം മിനുട്ടിൽ പുതിയ ബാഴ്സലോണ സൈനിംഗിന്റെ പാസിൽ നിന്ന് ഗോൾ നേടിക്കൊണ്ട് മെസ്സി ബാഴ്സലോണയുടെ ലീഡ് നാലാക്കി ഉയർത്തി. ഈ സീസണിൽ ഇതുവരെ ലീഗിൽ 18 ഗോളുകളും 12 അസിസ്റ്റുമായി മെസ്സിക്ക്.
കളിയുടെ അവസാന നിമിഷം ആർതറിലൂടെ ബാഴ്സലോണ അഞ്ചാം ഗോളും നേടി. ഈ വിജയത്തോടെ ബാഴ്സലോണയ്ക്ക് 55 പോയന്റായി. ബാഴ്സലോണ ആണ് ഇപ്പോൾ തൽക്കാലം ഒന്നാമത് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 53 പോയന്റുമായി രണ്ടാമതുണ്ട്.