ഖത്തറിൽ ലയണൽ മെസ്സിയും അർജന്റീനയും കളി തുടങ്ങി. ഇന്ന് അർജന്റീന അവരുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ അർജന്റീന മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്. സാക്ഷാൽ ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.
ഇന്ന് മത്സരം ആരംഭിച്ച അധിക നിമിഷങ്ങൾ വേണ്ടി വന്നില്ല അർജന്റീനയുടെ അറ്റാക്കുകൾ തുടങ്ങാൻ. രണ്ടാം മിനുട്ടിൽ തന്നെ അൽ ഒവൈസിന് സേവ് ചെയ്യേണ്ടി വന്നു. 12 യാർഡ്സിന് അകത്തു നിന്ന് മെസ്സി തൊടുത്ത ഷോട്ട് ആണ് സൗദി ഗോൾ കീപ്പർ തടഞ്ഞത്. അധിക വൈകാതെ മെസ്സി തന്നെ അർജന്റീനയെ മുന്നിൽ എത്തിച്ചു. 11ആം മിനുട്ടിൽ വിധിക്കപ്പെട്ട ഒരു പെനാൾട്ടി ആണ് അർജന്റീനക്ക് വഴി തെളിച്ചത്. ഡി പോളിനെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധിക്കപ്പെട്ടത്.
പെനാൾട്ടി എടുത്ത ലയണൽ മെസ്സി പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. മെസ്സി ഗോൾ നേടുന്ന നാലാം ലോകകപ്പ് ആയി ഖത്തർ ലോകകപ്പ് ഇതോടെ മാറി. 22ആം മിനുട്ടിൽ ലയണൽ മെസ്സി രണ്ടാം ഗോൾ നേടി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
അധികം വൈകാതെ 28ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസും അർജന്റീനക്ക് ആയി ഗോൾ നേടി. ഇത്തവണയും ഓഫ്സൈഡ് ഫ്ലാഗ് അർജന്റീനക്ക് എതിരായി നിന്നു. ഇവിടെയും ഓഫ്സൈഡ് ഫ്ലാഗ് ഉയരുന്നത് നിന്നില്ല. 34ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് ഗോൾ നേടിയപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് വന്നു.
ആദ്യ പകുതിയിൽ സൗദി അറേബ്യ ഇടക്ക് നല്ല മുന്നേറ്റങ്ങൾ നടത്തി എങ്കിലും ഒരു ക്ലിയർ ചാൻസ് സൃഷ്ടിക്കാൻ ആയില്ല.