മെസ്സിയുടെ ഒരോ ടച്ചിനും കൂവൽ, ഇതിഹാസ താരത്തെ വേദനിപ്പിച്ച് പി എസ് ജി ആരാധകർ

മെസ്സിയെ ഒരോ ടച്ചിലും കൂവി വിളിച്ച് പി എസ് ജിയുടെ ആരാധകർ. ചാമ്പ്യൻസ് ലീഗിലെ നിരാശയ്ക്ക് ശേഷമുള്ള അവരുടെ ആദ്യ മത്സരത്തിൽ ആണ് പാരീസ് സെന്റ് ജെർമെയ്‌ൻ ആരാധകർ നിരന്തരം മെസ്സിക്കും സഹ താരം നെയ്മറിനും എതിരെ കൂവി വിളി നടത്തിയത്.മെസ്സി ആയിരുന്നു കൂടുതൽ സമയം കൂവലിന് ഇരയായത്. ബുധനാഴ്ച രാത്രി റയൽ മാഡ്രിഡിനെതിരെ തോറ്റു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പി എസ് ജി പുറത്തായിരുന്നു.

വൻ സൈനിംഗുകൾ നടത്തിയിട്ടും പിഎസ്ജിയുടെ യൂറോപ്പിലെ റെക്കോർഡ് മോശമായി തുടരുന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇന്ന് ബോർഡക്സിന് എതിരെ മെസ്സിയുമം നെയ്മറും ഫ്രീകിക്ക് എടുക്കാൻ നിന്നപ്പോഴും തുടക്കത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടപ്പോഴും എല്ലാം കൂവലുകൾ തുടർന്നു‌. എമ്പപ്പെ അടക്കമുള്ള മറ്റു പി എസ് ജി താരങ്ങൾ യാതൊരു പ്രതിഷേധവും നേരിട്ടില്ല. മെസ്സിയുടെ ജീവിതത്തിൽ ഇതാദ്യമായാണ് സ്വന്തം ആരാധകരുടെ കൂവൽ നേരിടേണ്ടി വരുന്നത്.