ഇനി വിമർശകർ മെസ്സിയെ എന്ത് പറഞ്ഞ് വിമർശിക്കും. ഇത്രകാലവും രാജ്യത്തിന് ഒപ്പം ഒരു കിരീടമില്ല എന്നത് മാത്രമായിരുന്നു മെസ്സിക്ക് എതിരെ എന്തെങ്കിലും ഒരു വിമർശനമായി ഉണ്ടായിരുന്നത്. ഇന്ന് മരക്കനയിൽ മെസ്സി ആ വിമർശനത്തിനു അവസാനമിട്ടു. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ട് കോപ്പ അമേരിക്ക കിരീടം ഉയർത്തിയതോടെ അർജന്റീനയ്ക്ക് ഒപ്പം മെസ്സി ആദ്യ കിരീടം ഉയർത്തി. മെസ്സിയുടെ കരിയറിലെ വലിയ കാത്തിരിപ്പിന്റെ അവസാനം കൂടിയാണിത്.
മുമ്പ് നാലു തവണ മെസ്സി അർജന്റീനക്ക് ഒപ്പം മേജർ ഫൈനലിൽ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു.
2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനൽ ആയിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഫൈനൽ. അന്ന് ഗോട്സെയുടെ ഏക ഗോൾ മെസ്സിയിൽ നിന്നും അർജന്റീനയിൽ നിന്നും കിരീടം തട്ടിയെടുത്തു. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നിൽ കോപ അമേരിക്ക ഫൈനലുകളിലും അർജന്റീനയും മെസ്സിയും പരാജയപ്പെട്ടു. ചിലിക്ക് എതിരായ പെനാൾട്ടി മിസ്സും മെസ്സിക്ക് മറക്കാനാകില്ല. ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോൾ പോലും നേടിയിരുന്നില്ല. ഇന്നും മെസ്സി ഗോൾ നേടിയില്ല എങ്കിലും ഈ കിരീടം മെസ്സി മുന്നിൽ നിന്ന് നയിച്ചു നേടിയത് തന്നെയാണ്.
ഈ ടൂർണമെന്റിൽ നാലു ഗോളുകളും അഞ്ചു അസിസ്റ്റും ടീമിന് സംഭാവന നൽകാൻ മെസ്സിക്ക് ആയി. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസ്സി തന്നെയാണ്. ഇനി ഒരു ലോകകപ്പ് കിരീടം കൂടെ നേടി മെസ്സി കരിയർ അവസാനിപ്പിക്കണം എന്നാകും അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.