തുടർച്ചയായ 34 മത്തെ മത്സരത്തിലും പരാജയം അറിയാതെ അർജന്റീനൻ കുതിപ്പ്. സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അർജന്റീന തോൽപ്പിച്ചത്. അമേരിക്കയിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ ആധിപത്യം ആണ് കാണാൻ ആയത്. മെസ്സി നൽകിയ പാസ് 16 മത്തെ മിനിറ്റിൽ പാപ ഗോമസ് ലൗടാരോ മാർട്ടിനസിന് മറിച്ചു നൽകിയപ്പോൾ താരം അനായാസം പന്ത് വലയിൽ എത്തിച്ചു.
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെ സെൽസോയെ വീഴ്ത്തിയതിനു റഫറി പെനാൽട്ടി അനുവദിച്ചു. തുടർന്ന് പെനാൽട്ടി ക്യാപ്റ്റൻ ലയണൽ മെസ്സി അനായാസം ലക്ഷ്യം കാണുക ആയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ 25 വാരം അകലെ നിന്നു ലഭിച്ച പന്ത് അതിസുന്ദരമായ ഒരു ചിപ്പിലൂടെ ഗോൾ ആക്കി മാറ്റിയ മെസ്സി തന്നെയാണ് അർജന്റീന ജയം പൂർത്തിയാക്കിയത്. ലോകകപ്പ് മുന്നിൽ കണ്ടു അമേരിക്കയിൽ തന്നെ നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ ജമൈക്ക ആണ് അർജന്റീനയുടെ എതിരാളി.