ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനക്ക് ഒരു ഗംഭീരെ വിജയം കൂടെ. ഇന്ന് പുലർച്ചെ ബൊളീവയെ നേരിട്ട അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മൂന്ന് ഗോളുകളും നേടിയത് സാക്ഷാൽ ലയണൽ മെസ്സി തന്നെ. സ്വന്തം കാണികൾക്ക് മുന്നിൽ മെസ്സിയുടെ താണ്ഡവം ആണ് കാണാൻ കഴിഞ്ഞത്. 14ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. പെനാൾട്ടി ബോക്സിനും ഏറെ പുറത്ത് നിന്ന് ഒരു ലോങ് ഷോട്ടിലൂടെ ആയിരുന്നു മെസ്സിയുടെ ഗോൾ. ഗോൾ കീപ്പർ ഗോൾ ലൈനിൽ നിന്ന് കയറി നിൽക്കുന്നത് കണ്ട മെസ്സി മനോഹരമായി പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ മറ്റൊഉ മനോഹര നീക്കത്തിന് ഒടുവിൽ മെസ്സിയുടെ രണ്ടാം ഗോൾ പിറന്നു. കളി അവസാനിക്കാൻ 2 മിനുട്ട് മാത്രം ശേഷിക്കെ മെസ്സി ഹാട്രിക്കും തികച്ചു. ഈ ഹാട്രിക്കോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി. പെലെയുടെ 77 ഗോളുകൾ എന്ന റെക്കോർട് മറികടന്ന മെസ്സിക്ക് ഇപ്പോൾ 79 ഗോളുകൾ ഉണ്ട്. ഇന്ന് കോപ അമേരിക്ക കിരീടം സ്വന്തം ആരാധകർക്ക് മുന്നിൽ വെക്കാനും അർജന്റീനക്ക് ആയി. ഇന്നത്തെ വിജയത്തോടെ 8 മത്സരങ്ങളിൽ 18 പോയിന്റുമായി അർജന്റീന യോഗ്യത റൗണ്ടിൽ രണ്ടാമത് നിൽക്കുക ആണ്.