ബാഴ്സലോണ വിടുന്നതിനെ കുറിച്ച് ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഗൗരവമായി മെസ്സി ചിന്തിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാഴ്സലോണ വിടുന്നതിനെ കുറിച്ച് ക്ലബ്ബിനോട് ജൂലൈയിൽ തന്നെ ലയണൽ മെസ്സി സംസാരിച്ചിരുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാമ്പ്യൻസ് ലീഗിലെ പരാജയത്തിന് ശേഷമല്ല മെസ്സി ഈ തീരുമാനമെടുത്തത് എന്ന് ഈ വാർത്തകളെ വിശ്വസിച്ചാൽ ഉറപ്പിക്കാവുന്നതാണ്. മെസ്സി ക്ലബ്ബ് വിടുന്നു എന്ന വാർത്ത ശരിക്കും ആരാധകർക്ക് മാത്രമായിരുന്നു ഞെട്ടലുളവാക്കിയത്. ആഴ്ച്ചകൾക്ക് മുൻപ് തന്നെ മെസ്സിയുടെ തീരുമാനമറിഞ്ഞിരുന്നു ബാഴ്സലോണയുടെ ബോർഡ് മെമ്പർമാർ.
ഇപ്പോളും മെസ്സിയെ ക്ലബ്ബിൽ നിലനിർത്താനുള്ള ശ്രമങ്ങളുമായാണ് ബാഴ്സയുടെ ബോർഡ് മുന്നോട്ട് പോകുന്നത്. അതേ സമയം ബാഴ്സ വിടാൻ വേണ്ടി തന്റെ റിലീസ് ക്ലോസ് ഒഴിവാക്കി കൊടുക്കുക എന്നതാണ് മെസ്സിയുടെ ആവശ്യം. മെസ്സി ഫ്രീ ഏജന്റായി തന്നെ ബാഴ്സലോണ വിടും എന്നാണ് മെസ്സിയുടെ വക്കീലിനെ ഉദ്ധരിച്ച് വാർത്തകൾ വന്നിട്ടുള്ളത്. ബാഴ്സലോണയുടെ ട്രെയിനിംഗ് ക്യാമ്പ് തുടങ്ങാനിരിക്കെ പരിശീലനത്തിനായി ഇറങ്ങില്ലെന്നും കൊറോണ പരിശോധനയിൽ പങ്കെടുക്കില്ലെന്നും മെസ്സി അറിയിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള സൂപ്പർ ക്ലബ്ബുകൾ എല്ലാം തന്നെ മെസ്സിക്കായി രംഗത്തുണ്ട്. പുറത്ത് വന്ന വാർത്തകളെ എല്ലാം വിശ്വസിക്കാമെങ്കിൽ അടുത്ത സീസണിൽ ലയണൽ മെസ്സി എന്ന ഫുട്ബോൾ ഇതിഹാസത്തെ പുതിയൊരു ജേഴ്സിയിൽ കാണാം.