കോപ്പ അമേരിക്കക്കെതിരെ ആരോപണങ്ങളുമായി മെസ്സി, മെഡൽ വാങ്ങാൻ വിസമ്മതിച്ചു

കോപ്പ അമേരിക്കയിൽ ചിലിയെ തോൽപ്പിച്ച് അർജന്റീന മൂന്നാം സ്ഥാനം സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെതിരെ കടുത്ത വിമർശനവുമായി മെസ്സി രംഗത്ത്. തനിക്ക് ചുവപ്പ്  കാർഡ് നൽകിയ റഫറിമാർക്കെതിരെയും മെസ്സി ആരോപണം അഴിച്ചുവിട്ടിട്ടുണ്ട്.  മത്സരത്തിൽ ജയിച്ച് മൂന്നാം സ്ഥാനം അർജന്റീന കരസ്ഥമാക്കിയെങ്കിലും വെങ്കല മെഡൽ വാങ്ങാൻ മെസ്സി തയ്യാറായതും ഇല്ല.

മത്സരത്തിൽ ചിലി താരം മെഡലുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് മെസ്സിക്ക് റഫറി ചുവപ്പ്  കാണിച്ചിരുന്നു. എന്നാൽ ചുവപ്പ് കാർഡ് നൽകാൻ മാത്രം മെസ്സി അവിടെ ഒന്നും ചെയ്തിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതാണ് മെസ്സിയെ ചൊടിപ്പിച്ചത്.  മത്സര ശേഷം സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷനെയും മെസ്സി നിശിതമായി വിമർശിച്ചു. ബ്രസീലിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ റഫറിയെ വിമർശിച്ചതിനാണ് തനിക്ക് ചുവപ്പ് കാർഡ് നൽകിയതെന്നും മെസ്സി പറഞ്ഞു.  റഫറി മത്സരത്തിൽ അമിതമായി പ്രതികരിക്കുകയായിരുന്നെന്നും രണ്ടു പേർക്കും മഞ്ഞ കാർഡ് തരേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മെസ്സി പറഞ്ഞു.

ടൂർണമെന്റിൽ നടക്കുന്നതെല്ലാം ബ്രസീലിനു കിരീടം നേടാൻ വേണ്ടിയുള്ളതാണെന്നും ഫൈനലിൽ VARഉം റഫറിയും ഇടപെടില്ലെന്ന് കരുതുന്നതായും എന്നാൽ പെറുവിന് കാര്യങ്ങൾ ദുർഘടമാണെന്നും മെസ്സി പറഞ്ഞു. 2005ന് ശേഷം ആദ്യമായിട്ടാണ് മെസ്സിക്ക് അർജന്റീനക്ക് വേണ്ടിയോ ബാഴ്‌സലോണക്ക് വേണ്ടിയോ ചുവപ്പ് കാർഡ് ലഭിക്കുന്നത്.

അതെ സമയം മെസ്സിയുടെ ആരോപണങ്ങൾക്ക് എതിരെ മറുപടിയുമായി CONMEBOL രംഗത്തെത്തിയിട്ടുണ്ട്. മെസ്സിയും ആരോപണം ടൂർണ്ണമെന്റിനോടും അതിൽ അതിൽ പങ്കെടുക്കുന്ന താരങ്ങളോടുമുള്ള ബഹുമാനക്കുറവാണെന്നും CONMEBOL പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. ഫുട്ബോളിൽ ജയവും തോൽവിയും ഉണ്ടാവാമെന്നും അത് അംഗീകരിക്കണമെന്നും അസോസിയേഷൻ കുറിപ്പിൽ പറഞ്ഞു.  റഫറിയുടെ തീരുമാനങ്ങൾ മാനുഷികമാണെന്നും അത് മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Previous articleഇന്റർ കോണ്ടിനെന്റൽ കപ്പ്, ഇന്ത്യ ഇന്ന് ആദ്യ പോരിന് ഇറങ്ങും
Next article55/4 എന്ന നിലയില്‍ നിന്ന് ഈ പ്രകടനത്തിന്റെ മുഴുവന്‍ ഖ്യാതിയും മാത്യൂസ്-തിരിമന്നേ കൂട്ടുകെട്ടിന്