ലാലിഗയിൽ ബാഴ്സലോണക്ക് മറ്റൊരു മികച്ച വിജയം. ഇന്നലെ മെസ്സിയുടെ മികവിൽ ഒസാസുനയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. രണ്ടു ഗോളുകളും ഒരുക്കിയത് മെസ്സി ആയിരുന്നു. ആദ്യ പകുതിയിൽ 30ആം മിനുട്ടിൽ മെസ്സിയുടെ പാസ് സ്വീകരിച്ച ജോർദി ആൽബയാണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്.
രണ്ടാം പകുതിയിൽ കളിയുടെ അവസാനം ബാഴ്സലോണയുടെ യുവതാരം മൊരിബ ബാഴ്സക്കായി രണ്ടാം ഗോൾ നേടി. 17കാരന്റെ ബാഴ്സലോണ സീനിയർ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. മെസ്സിയാണ് ഈ ഗോളും സൃഷ്ടിച്ചത്. ഈ വിജയം ബാഴ്സലോണയെ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ എത്തിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന് 58 പോയിന്റും ബാഴ്സലോണക്ക് 56 പോയിന്റുമാണ് ഉള്ളത്. പക്ഷെ അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സയെക്കാൾ രണ്ട് മത്സരം കുറവാണ് കളിച്ചത്. എന്നാലും ഇന്ന് മാഡ്രിഡ് ഡാർബി നടക്കാൻ ഇരിക്കെ ബാഴ്സലോണക്ക് ഈ വിജയം അത്ലറ്റിക്കോ മാഡ്രിഡിനു മേൽ സമ്മർദ്ദം ഉയർത്താൻ ഉപകരിക്കും.