റൊണാൾഡോ ഇല്ലാതെ ലാസിയോയെ തകർത്ത് യുവന്റസ്

സീരി എയിൽ ഇന്നലെ യുവന്റസിന് വലിയ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി കൊണ്ട് ഇറങ്ങിയ യുവന്റസ് ലാസിയോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വീഴ്ത്തിയത്. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു യുവന്റസ് വിജയം. പോർട്ടോയ്ക്ക് എതിരെ ചാമ്പ്യൻസ് ലീഗ് മത്സരം വരാൻ ഉള്ളതു കൊണ്ടാണ് പിർലോ റൊണാൾഡോക്ക് വിശ്രമം നൽകിയത്.

മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ ആയിരുന്നു ലാസിയോ ലീഡ് എടുത്തത്. കൊറേയ ആണ് ഗോൽ നേടിയത്. ഇതിനോട് നന്നായി പ്രതികരിച്ച യുവന്റസ് ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില നേടി. റാബിയോയുടെ ഒരു സീറോ ആംഗിളിൽ നിന്നുള്ള ഇടം കാലൻ സ്ട്രൈക്കാണ് യുവന്റസിന് സമനില നൽകിയത്. രണ്ടാം പകുതിയിൽ മൊറാട്ടയുടെ ഇരട്ട ഗോളുകൾ യുവന്റസിന് വിജയവും നൽകി. ഈ വിജയത്തോടെ യുവന്റസ് 52 പോയിന്റുമായി മിലാന്റെ തൊട്ടു പിറകിൽ എത്തി. മിലാൻ 53 പോയിന്റുൻ ഇന്ററിന് 59 പോയിന്റുമാണ് ഉള്ളത്.