അർജന്റീന ഈസ് ബാക്ക്!! മെസ്സിക്ക് ഒപ്പം അവതരിച്ച് എൻസോയും!!

Picsart 22 11 27 02 20 48 909

ലയണൽ മെസ്സി എന്ന ഇതിഹാസം ഒരിക്കൽ കൂടെ അർജന്റീനയുടെ രക്ഷകനായി അവതരിച്ചു.ഒപ്പം യുവതാരം എൻസോയുടെ മാന്ത്രിക ഗോളും. മെക്സിക്കോക്ക് എതിരായ അർജന്റീനയുടെ ജീവന്മരണ പോരാട്ടത്തിൽ അർജന്റീന ഒരു ഗോൾ കണ്ടെത്താൻ പതറുന്നതിനിടയിൽ ആണ് മെസ്സി മാജിക്കിൽ ഒരു ഗോൾ പിറന്നതും അർജന്റീന വിജയ വഴിയിലേക്ക് യാത്ര തുടങ്ങിയതും. മെസ്സിയുടെയും എൻസോയുടെയും ഗോളുകളിടെ ബലത്തിൽ ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടാൻ അർജന്റീനക്ക് ആയി.ഇതോടെ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായിം

മെസ്സി 22 11 27 02 13 12 712

ഇന്ന് ജീവന്മരണ പോരാട്ടം ആയത് കൊണ്ട് തന്നെ വളരെ കരുതലോടെയാണ് അർജന്റീന ആദ്യ പകുതിയെ സമീപിച്ചത്. മെക്സിക്കോ കാണിച്ചത്ര ധൈര്യം ആദ്യ പകുതിയിൽ അർജന്റീന കാണിക്കുന്നത് കാണാൻ ആയില്ല. മെക്സിക്കോ അവരുടെ വേഗത ഉപയോഗിച്ച് അർജന്റീന ഡിഫൻസിനെതിരെ തുടക്കത്തിൽ കുതിച്ചു എങ്കിലും ആദ്യ പകുതിയിൽ അർജന്റീനയിൽ നിന്ന് അത്തരം നീക്കങ്ങൾ കാണാൻ ആയില്ല.

ആദ്യ പകുതിയിൽ ഒചോവയെ ഒന്ന് കാര്യമായി പരീക്ഷിക്കാൻ പോലും അർജന്റീനക്ക് ആയില്ല. 34 മിനുട്ടിലെ മെസ്സിയുടെ ഫ്രീകിക്ക് ആയിരുന്നു ആദ്യമായി ഒചോവ ഇടപെടേണ്ടി വന്ന സന്ദർഭം. അത് വലിയ വെല്ലുവിളി ആകാതെ ഒഴിഞ്ഞു. 45ആം മിനുട്ടിൽ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീകിക്ക് മാർട്ടിനസ് തടഞ്ഞത് കളി ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായി നിർത്തി.

Picsart 22 11 27 01 08 58 738

രണ്ടാം പകുതിയിൽ അർജന്റീന കുറച്ചു കൂടെ തുറന്ന സമീപനത്തോടെ കളിയെ സമീപിച്ചു. തുടക്കത്തിൽ മെസ്സി പറ്റിയ പൊസിഷനിൽ നിന്ന് ഒരു ഫ്രീകിക്ക് ലഭിച്ചു എങ്കിലും മെസ്സിയുടെ കിക്ക് ടാർഗറ്റിലേക്ക് പോയില്ല.

64 മിനുട്ട് കഴിഞ്ഞപ്പോൾ മെസ്സി തന്നെ അർജന്റീനയുടെ രക്ഷയ്ക്ക് എത്തി. ഡി മറിയയിൽ നിന്ന് പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഗ്രൗണ്ടർ ഷോട്ട്‌. ഒചോവ ഫുൾ ഡൈവ് ചെയ്തിട്ടും തടയാൻ ആവാത്ത ഷോട്ട്. അർജന്റീന 1-0 മെക്സിക്കോ.

Picsart 22 11 27 02 13 49 104

ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോളും മൊത്തത്തിൽ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോളും ആയി ഇത്. ഈ ഗോളിന് ശേഷം അർജന്റീന വർധിത ഊർജ്ജത്തോടെയാണ് കളിച്ചത്. 75ആം മിനുട്ടിൽ മെസ്സിയുടെ ഒരു ഇടം കാലൻ ഷോട്ട് ഒചോവ തടഞ്ഞത് അർജന്റീനയുടെ ലീഡ് ഇരട്ടിയാകുന്നതിന് തടസ്സമായി.

88ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ ഗോളിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. മെസ്സിയിൽ നിന്ന് പാസ് സ്വീകരിച്ച യുവതാരം പന്ത് എടുത്ത് ഡ്രിബിൾ ചെയ്ത് മുന്നേറി തൊടുത്ത ഷോട്ട് ഈ ലോകകപ്പിൽ പിറന്ന മികച്ച ഗോളുകളിൽ ഒന്നായിരുന്നു‌.

ഈ വിജയത്തോടെ അർജന്റീന രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റിൽ എത്തി. അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെ ആണ് അർജന്റീന നേരിടേണ്ടത്. ആ മത്സരം കൂടെ വിജയിച്ചാൽ അർജന്റീനയുടെ പ്രീക്വാർട്ടർ യോഗ്യത ഉറപ്പാകും‌. മെക്സിക്കോക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് ആണുള്ളത്‌