ബെഞ്ചമിൻ മെൻഡി എന്ന ഫ്രഞ്ച് ഫുൾബാക്കിന് ശരിക്കും ഇത് നല്ല സീസണാണോ മോശം സീസണാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. മെൻഡിക്ക് ഈ കഴിഞ്ഞ സീസൺ ആരംഭത്തിൽ ഏറ്റ പരിക്ക് ഇനിയും പൂർണ്ണമായു ഭേദമായിട്ടില്ല. ഭൂരിഭാഗവും കളത്തിന് പുറത്ത് തന്നെ. എന്നിട്ടും മെൻഡി ഫ്രാൻസിനൊപ്പം ലോക ചാമ്പ്യനും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യനും ആയി.
സീസണിൽ ആകെ 490 മിനുട്ട് ഫുട്ബോൾ മാത്രമെ മെൻഡി കളിച്ചിട്ടുള്ളൂ. മാഞ്ചസ്റ്റർ സിറ്റിയുടെ സീസൺ തുടക്കത്തിൽ ഗംഭീരമായി കളിച്ച മെൻഡിക്ക് എ സി എൽ ഇഞ്ച്വറി ആണ് വന്നത്. തുടർന്ന് വിശ്രമത്തിലായിരുന്ന താരം സിറ്റിയുടെ സീസൺ അവസാനിക്കുമ്പോൾ മാത്രമാണ് കളത്തിൽ തിരിച്ചെത്തിയത്. ഫിറ്റ്നെസ് വീണ്ടെടുത്തത് മെൻഡിക്ക് ഫ്രഞ്ച് ലോകകപ്പ് ടീമിൽ ഇടം കൊടുത്തു. പക്ഷെ പരിക്കിൽ നിന്ന് തിരിച്ചുവന്നിട്ടെ ഉള്ളൂ എന്നത് കൊണ്ട് തന്നെ ദെഷാംസ് അധികം മെൻഡിയെ ലോകകപ്പിനും ഉപയോഗിച്ചില്ല.
ആകെ മെൻഡി കളിച്ചത് ഒരു മത്സരമാണ്. അതും ഡെന്മാർക്കിനെതിരെ രണ്ടാം പകുതിയിൽ സബ്ബായി കൊണ്ട്. സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാർ ആയ മെൻഡി കളിച്ചാലും ഇല്ലെങ്കിലും കിരീടം നേടിയതിൽ അതീവ സന്തോഷവാനാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial