മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ തന്നെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലാസ്കിനെ പരാജയപ്പെടുത്തിയത്. രണ്ട് പാദങ്ങളിലായി 7-1ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിലേക്ക് മുന്നേറുന്നത്. ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ 5-0ന് വിജയിച്ചിരുന്നു.
ബ്രൂണോ, പോഗ്ബ, റാഷ്ഫോർഡ്, മാർഷ്യൽ തുടങ്ങി പ്രമുഖരെ എല്ലാം ബെഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളി തുടങ്ങിയത്. രണ്ടാം പകുതി വരെ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ലോങ് റെയ്ഞ്ചറിലൂടെ വൈസിംഗർ ലാസ്കിന് ലീഡ് നൽകി. എന്നാൽ തൊട്ടടുത്ത നിമിഷം ലിംഗാർഡിലൂടെ സമനില ഗോൾ നേടാൻ യുണൈറ്റഡിനായി. കളിയുടെ അവസാനം സബ്ബായി എത്തിയ മാർഷ്യാലിലൂടെ വിജയ ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡ് നേടി. രണ്ട് ഗോളുകളും ഒരുക്കിയത് മാറ്റയായിരുന്നു.
മാർഷ്യലിന്റെ സീസണിലെ 23ആം ഗോളായിരുന്നു ഇന്നത്തേത്. ഇന്ന് 18കാരനാറ്റ ടെഡ് മെംഗി മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി. തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കോബൻഹേഗനെ നേരിടും.