പരിക്കിന് വിട, മാർക്കോ റൂയിസ് ഡോർട്ട്മുണ്ടിൽ തിരിച്ചെത്തി

Jyotish

ബൊറൂസിയ ഡോർട്ട്മുണ്ട് സൂപ്പർ സ്റ്റാർ മാർക്കോ റൂയിസ് തിരിച്ചെത്തി. എട്ടുമാസത്തോളം പരിക്കിനോട് മല്ലിട്ടതിനു ശേഷമാണ് മഞ്ഞപ്പടയുടെ സ്വന്തം മാർക്കോ റൂയിസ് ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ജർമ്മൻ കപ്പ് ഫൈനലിൽ ഏറ്റ പരിക്കാണ് റൂയിസിനെ കളിക്കളത്തിൽ നിന്നും മാറ്റി നിർത്തിയത്. ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പ് ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കിയെങ്കിലും മാർക്കോ റൂയിസിന്റെ പരിക്ക് ഡോർട്ട്മുണ്ടിന് കനത്ത തിരിച്ചടിയായിരുന്നു.

259 ദിവസങ്ങൾക്ക് ശേഷമാണ് ഡോർട്ട്മുണ്ടിന് വേണ്ടി റൂയിസ് കളത്തിൽ ഇറങ്ങുന്നത്. പരിക്ക് മാർക്കോ റൂയിസിന്റെ കരിയറിൽ ഉടനീളം കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. പരിക്ക് കാരണമാണ് ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ നിന്നും ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം ഒഴിവാക്കപ്പെട്ടത്. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിന് വേണ്ടി ഇരുപതിൽ താഴെ മത്സരങ്ങളിൽ മാത്രമാണ് റൂയിസ് കളിച്ചത്. നിലവിൽ ബയേണിനും ലെപ്‌സിഗിനും ലെവർകൂസനും പിന്നിൽ നാലാം സ്ഥാനത്താണ് ഡോർട്ട്മുണ്ട്. തൊട്ടുപിന്നാലെ അതെ പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ഷാൽകെയുമുണ്ട്. മാർക്കോ റൂയിസിന്റെ തിരിച്ചു വരവ് ഡോർട്ട്മുണ്ടിന് പുത്തനുണർവേകും എന്നതിൽ സംശയമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial