ആശ്വാസ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട് പരമ്പര നേരത്തെ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. മൂന്നാം മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്.  മത്സരം ജയിക്കാനായില്ലെങ്കിലും അവസാന ഓവര്‍ വരെ കൊണ്ടെത്തിക്കാനായി എന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം. 4 പന്തുകള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്.

ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. 50 ഓവറില്‍ ഇന്ത്യ 240 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. 79 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മ, 56 റണ്‍സുമായി വേദ ശര്‍മ്മ എന്നിവര്‍ക്ക് പുറമേ 16 പന്തില്‍ 31 റണ്‍സ് നേടി ശിഖ പാണ്ഡേ ആണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ആദ്യ ഓവറില്‍ സ്മൃതി മന്ഥാനയുടെ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഷബ്നിം ഇസ്മൈല്‍ ആണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

90 റണ്‍സുമായി മിഗനണ്‍ ഡു പ്രീസ്(90*), ക്യാപ്റ്റന്‍ ഡേന്‍ വാന്‍ നീകെര്‍ക്ക്(41*) എന്നിവരുടെ 72 റണ്‍സ് കൂട്ടുകെട്ടും ലൗറ വോള്‍ാര്‍ഡ്ട്(59), ആന്‍ഡ്രേ സ്റ്റെയിന്‍(30) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ ആദ്യ വിജയത്തിലേക്ക് നയിച്ചത്. ശിഖ പാണ്ഡേ, എക്ത ബിഷ്ട്, പൂനം യാദവ് എന്നിവരാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement