ആദ്യ പാദത്തിൽ മൂന്ന് ഗോൾ പിറകിൽ, രണ്ടാം പാദത്തിൽ ഇറങ്ങാൻ ആണെങ്കിൽ സലായില്ല, ഫർമീനോയില്ല. നേരിടേണ്ടത് തകർപ്പൻ ഫോമിൽ ഉള്ള മെസ്സിയെയും സംഘത്തെയും. എല്ലാവരും എഴുതു തള്ളിയതായിരുന്നു ലിവർപൂളിനെ. പക്ഷെ ആൻഫീൽഡിലാണ് കളി എന്നത് എല്ലാവരും മറന്നു. ആദ്യ പാദത്തിലെ മൂന്ന് ഗോളിന്റെ ലീഡ് മറികടന്ന് 4-0ന്റെ വിജയവുമായി ഫൈനലിൽ എത്തി എങ്കിൽ അത് മരണമാസ്സ് അല്ലാതെ എന്താണ്.
ബാഴ്സലോണയ്ക്ക് ഒരു ബഹുമാനവും കൊടുക്കാത്ത അറ്റാക്കിംഗ് ഫുട്ബോളിന്റെ അങ്ങേ അറ്റത്തെ ടാക്ടിക്സുമായി ആയിരുന്നു ഇന്ന് ക്ലോപ്പും കുട്ടികളും ഇറങ്ങിയത്. കളി തുടങ്ങി ഏഴാം മിനുട്ടിൽ ജോർദി ആൽബയ്ക്ക് ഒരു അബദ്ധം പറ്റി. സെക്കൻഡുകൾക്ക് ഉള്ളിൽ പന്ത് ഹെൻഡേഴന്റെ കാലിൽ. ഹെൻഡേഴ്സന്റെ ഗോളെന്ന് ഉറച്ച ഷോട്ട് ടെർസ്റ്റേഗൻ തട്ടി അകറ്റി. പക്ഷെ ചെന്ന് വീണത് ഒറിഗിയുടെ കാലിൽ. ഒറിഗിയുടെ ഹോൾ ശ്രമം തടയാൻ ഗോൾ പോസ്റ്റിൽ ആരും ഉണ്ടായിരുന്നില്ല. ലിവർപൂൾ 1-0 അഗ്രിഗേറ്റ് സ്കോർ 1-3.
മത്സരത്തിൽ മെസ്സിക്കോ സുവാരസിനോ കൗട്ടീനോയ്ക്കോ ഒന്നും ഒരു ഇടവും കൊടുക്കാതെ ലിവർപൂൾ അറ്റാക്ക് തുടർന്നു. ആദ്യ പകുതിയിൽ സ്കോർ 1-0 എന്ന് തന്നെ നിന്നു. ആദ്യ പകുതിക്കിടെ പരിക്കേറ്റ റോബേർട്സണ് പകരം വൈനാൽഡം രംഗത്ത് എത്തി. ആ സബ്സ്റ്റുട്യൂഷൻ ബാഴ്സലോണയ്ക്ക് കൂടുതൽ തലവേദന നൽകി. 54 ആം മിനുട്ടിലും 56ആം മിനുട്ടിലും വൈനാൾഡത്തിന്റെ ഗോളുകൾ. സ്കോർ 3-0, അഗ്രുഗേറ്റിൽ 3-3. ബാഴ്സലോണ ഡിഫൻസും മെസ്സിയുമൊക്കെ ഞെട്ടിത്തരിച്ച് നിന്നു. അപ്പോഴും തിരികെ ഒരു പ്രത്യാക്രമണം നടത്താൻ വരെ ബാഴ്സലോണക്ക് ആയില്ല.
പിന്നെ കളി എക്സ്ട്രാ ടൈമിലേക്ക് പോകുമോ എന്നായി സംശയം. ലിവർപൂൾ വിജയ ഗോൾ നേടും എന്ന പ്രതീതി തന്നെ ആയിരുന്നു ആൻഫീൽഡ് മുഴുവൻ. 79ആം മിനുട്ടിൽ ലിവർപൂളിന് കിട്ടിയ കോർണർ ആ വിജയ ഗോൾ സമ്മാനിച്ചു. കോർണർ എടുക്കൻ ലിവർപൂൾ തയ്യാറയപ്പോൾ ബാഴ്സ ഒരുങ്ങുകയായിരുന്നു. ബാഴ്സലോണയുടെ ആ അശ്രദ്ധ മുതലെടുത്ത് അർനോൾഡ് കോർണർ എടുത്തു ഒറിജി കാത്ത് നിന്ന് എടുത്ത ഷോട്ട് ടെർ സ്റ്റെഗനെ വീഴ്ത്തി. സ്കോർ 4-0. അഗ്രിഗേറ്റിൽ 4-3. ലോകം മുഴുവൻ ലിവർപൂളിനെ നമിച്ച നിമിഷം.
അതിനു ശേഷം ബാഴ്സലോണയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഫൈനൽ വിസിൽ വന്നപ്പോൾ ചരിത്ര വിജയവുമായി ലിവർപൂൾ ഫൈനലിൽ. ഒരിക്കലും ആരും മറക്കാത്ത യൂറോപ്യൻ ഫുട്ബോൾ രാത്രിയായി ഇത് നിലനിൽക്കും.