മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ക്ഷമ നശിക്കുകയാണ്. ഒരു സൈനിംഗിനായുള്ള അവരുടെ കാത്തിരിപ്പ് നീളുകയാണ്. പുതിയ പരിശീലകനും പുതിയ ചീഫ് എക്സിക്യുട്ടവും എല്ലാം എത്തിയിട്ടും പുതിയ താരങ്ങൾ മാത്രം എത്തുന്നില്ല. തങ്ങളുടെ വൈരികളായ ക്ലബുകൾ എല്ലാം സൂപ്പർ താരങ്ങളെ ടീമിൽ എത്തിച്ച് ടീം അതിശക്തമാക്കുമ്പോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അനങ്ങാതെ ഇരിക്കുന്നത്. ഒരു സൈനിംഗിന് അടുത്ത് പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയിട്ടില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് പ്രീസീസണായി അടുത്ത ആഴ്ച മുതൽ കാരിങ്ടണിലെത്തി തുടങ്ങും. യുണൈഡിന്റെ പ്രീസീസൺ ടൂർ ആരംഭിക്കാൻ ഉള്ളത് രണ്ട് ആഴ്ചയും. പ്രീസീസൺ ടൂർ പോകും മുമ്പ് ആവശ്യപ്പെട്ട താരങ്ങളെ ഒക്കെ ടീമിൽ എത്തിക്കാൻ ആയിരുന്നു ടെൻ ഹാഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ടെൻ ഹാഗിന്റെ ആ ആവശ്യം നടത്തികൊടുക്കാൻ യുണൈറ്റഡ് മാനേജ്മെന്റിനാകില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പോഗ്ബ, മാറ്റ, ലിംഗാർഡ്, മാറ്റിച് എന്ന് തുടങ്ങി നിരവധി താരങ്ങൾ പോയിട്ടും യുണൈറ്റഡ് ട്രാൻസ്ഫർ ചർച്ചകൾ വേഗത്തിൽ ആക്കാത്തത് യുണൈറ്റഡിന് വരും സീസണിൽ വലിയ തിരിച്ചടി ആകും. ഡി യോങ്,ആന്റണി, എറിക്സൺ, ടിമ്പർ, ലിസാൻഡ്രോ എന്നീ പേരുകൾ കേൾക്കുന്നത് അല്ലാതെ ഈ പേരിൽ ആരും യുണൈറ്റഡിലേക്ക് എത്തും എന്നതിൽ ഒരു ഉറപ്പും ആർക്കും ഇല്ല. ഇനിയും ബോർഡ് പ്രവൃത്തിച്ചില്ല എങ്ക കിരീടമില്ലാത്ത ഒരു സീസൺ കൂടെ യുണൈറ്റഡിന്റെ അക്കൗണ്ടിൽ വരും.