പരിശീലകന്മാർ മാറിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് നിരാശ മാറുന്നില്ല. ഇന്ന് ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയവുമായി കളി അവസാനിപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് വോൾവ്സ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. 40 വർഷങ്ങൾക്ക് ശേഷമാണ് ഓൾഡ്ട്രാഫോർഡിൽ വെച്ച് വോൾവ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരു ലീഗ് മത്സരത്തിൽ പരാജയപ്പെടുത്തുന്നത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയമായാണ് തുടങ്ങിയത്. ആദ്യ പകുതിയിൽ സന്ദർശകരായ വോൾവ്സ് ആണ് മികച്ച രീതിയിൽ തുടങ്ങുയതും കളിച്ചത്. അവർ നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു എങ്കിലും ഗോൾ നേടാൻ ആയില്ല. റുബെൻ നെവസിന്റെ ഒരു വോളി ഉൾപ്പെടെ രണ്ട് മികച്ച സേവുകൾ ഡിഹിയ ആദ്യ പകുതിയിൽ നടത്തി. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതിയെ കളിയിലേക്ക് തിരികെ വന്നു.
രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിനെ റാൾഫ് റാങ്നിക്ക് കളത്തിൽ എത്തിച്ചു. ബ്രൂണോ വന്നത് യുണൈറ്റഡിന്റെ അറ്റാക്കിന് ജീവൻ വെപ്പിച്ചു. ബ്രൂണോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ റൊണാൾഡോ ഹെഡ് ചെയ്ത് ഗോൾ നേടി എങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു. മറുവശത്ത് 75ആം മിനുട്ടിൽ സൈസിന്റെ ഫ്രീകിക്കും പോസ്റ്റിൽ തട്ടി മടങ്ങി.
മത്സരത്തിന്റെ 82ആം മിനുട്ടിൽ വോൾവ്സ് അവർ അർഹിച്ച വിജയ ഗോൾ നേടി. പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്നുള്ള മൗട്ടീനോയുടെ ഷോട്ട് ആണ് വോൾവ്സിന് ലീഡ് നൽകിയത്. ഈ ഗോളിന് മറുപടി നൽകാൻ യുണൈറ്റഡിനായില്ല. വോൾവ്സിനെ ഒന്ന് ഭയപ്പെടുത്താൻ പോലും ആവാതെ യുണൈറ്റഡ് പരാജയം സമ്മതിച്ചു. അവസാന നിമിഷത്തിലെ ബ്രൂണോ ഫ്രീകിക്ക് ജോ സാ തടഞ്ഞതോടെ യുണൈറ്റഡ് പരാജയം പൂർത്തിയായി.
ഈ പരാജയത്തോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു. 31 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ ഉള്ളത്. വോൾവ്സ് യുണൈറ്റഡിന് തൊട്ടു പിറകിൽ എട്ടാം സ്ഥാനത്ത് ഉണ്ട്.