മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വമ്പൻ തിരിച്ചടി. പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് സൗത്താമ്പ്ടണ് എതിരായ മത്സരത്തിൽ ഒരു 90ആം മിനുട്ടിലെ സമനിലയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വപ്നങ്ങൾ തകർത്തത്. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.
മത്സരത്തിന്റെ തുടക്കത്തിലും അവസാനത്തിലുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആകെ പിഴച്ചത്. നത്സരം വളരെ മോശം രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 12ആം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങി. ആംസ്റ്റ്രോങ് ആയിരുന്നു സൗതാമ്പ്ടണായി ഗോളടിച്ചത്. എന്നാൽ പെട്ടെന്നുള്ള തിരിച്ചടിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഗോളിന്റെ ക്ഷീണം തീർത്തു. 20ആം മിനുട്ടിൽ റാഷ്ഫോർഡും 23ആം മിനുട്ടിൽ മാർഷ്യലും ഗോളടിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് മുന്നിൽ.
ആ ലീഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് 98ആം മിനുട്ട് വരെ നിലനിർത്തി. പക്ഷെ സൗതാമ്പ്ടണ് കിട്ടിയ അവസാന കോർണറിൽ കളി ആകെ മാറി. സബ്ബായി എത്തിയ ഒബഫെമിയിലൂടെ സൗതാമ്പ്ടൺ സമനില നേടി. മാഞ്ചസ്റ്ററിന്റെ ലെഫ്റ്റ് ബാക്കായ ബ്രണ്ടൺ വില്യംസിന് പരിക്കേറ്റതോടെ പത്ത് പേരുമായായിരുന്നു മാഞ്ചസ്റ്റർ അവസാന എട്ടു മിനുട്ടോളം കളിച്ചത്.
എന്തായാലും ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടിയായി. അവർ ഇപ്പോഴും ലീഗിൽ അഞ്ചാമത് തുടരുക ആണ്. 59 പോയന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. 59 പോയന്റുമായി ലെസ്റ്റർ സിറ്റി ആണ് നാലാമത്. 60 പോയന്റുമായി ചെൽസി മൂന്നാമതും നിൽക്കുകയാണ്.