മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും അവരുടെ ആരാധകരെ നിരാശപ്പെടുത്തി ഇരിക്കുകയാണ്. തുർക്കിയിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കിഷ് ചാമ്പ്യന്മാരായ ഇസ്താംബുൾ ബസക്ഷയിറിനോട് ആണ് ഇന്ന് പരാജയപ്പെട്ടത്. ദയനീയ ഡിഫൻഡിംഗ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിനയായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബസക്ഷയിറിന്റെ വിജയം.
ആഴ്സണലിന് എതിരായ പരാജയത്തിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. ആദ്യ പകുതിയിൽ ഒരു വലിയ ഡിഫൻസീവ് പിഴവിൽ നിന്നാണ് തുർക്കിഷ് ടീം ലീഡ് എടുത്തത്. യുണൈറ്റഡിന് ലഭിച്ച ഒരു സെറ്റ് പീസ് എടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം മൊത്തം എതിർ പെനാൾട്ടി ബോക്സിലേക്ക് പോയി. ഇത് മുതലെടുത്ത് പന്ത് ഉയർത്തിയടിച്ച ബസക്ഷിയർ താരം വിസ്ക ഡെംബബയെ കണ്ടെത്തി. സ്വന്തം പകുതിയിൽ നിന്ന് പന്ത് സ്വീകരിച്ച് ഡെംബ ബ ഒറ്റയ്ക്ക് പോയി ഗോൾ അടിക്കുന്നത് നോക്കി നിൽക്കാനെ യുണൈറ്റഡ് ടീമിനായുള്ളൂ.
ആ ഗോളിന്റെ ക്ഷീണത്തിൽ ഇരിക്കുന്ന യുണൈറ്റഡ് പിന്നാലെ ഒരു ഗോൾ കൂടെ വഴങ്ങി. അതും ഡിഫൻസിന്റെ ഏകീകരണം ഇല്ലാത്തത് കൊണ്ട് തന്നെ. ആദ്യ ഗോളിന് അവസരം ഒരുക്കിയ എഡിൻ വിസ്കയാണ് രണ്ടാം ഗോൾ നേടിയത്. ഈ ഗോൾ കൂടെ പിറന്നതോടെ 49ആം മിനുട്ടിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് 2 ഗോളുകൾക്ക് പിറകിലായി.
45ആം മിനുട്ടിൽ മാർഷ്യലിന്റെ ഹെഡറിലൂടെ ഒരു ഗോൾ മടക്കി യുണൈറ്റഡ് പ്രതീക്ഷ നൽകി. പക്ഷെ യുണൈറ്റഡിന് അതല്ലാതെ അധികം അവസരങ്ങൾ പോലും ഇന്ന് സൃഷ്ടിക്കാനായില്ല. കവാനിയെയും ഗ്രീൻവുഡിനെയും പോഗ്ബയെയും എല്ലാം ഒലെ രംഗത്ത് ഇറക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. ബസക്ഷയറിന്റെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയമാണിത്. തോറ്റു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.