മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ലാസിക് തിരിച്ചുവരവിന് ഷെഫീൽഡിന്റെ 90ആം മിനുട്ടിലെ മറുപടി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പഴയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓർമ്മിപ്പിച്ച തിരിച്ചുവരവ് ആയിരുന്നു ഇന്ന് ഷെഫീൽഡിൽ യുണൈറ്റഡ് നടത്തിയത്. രണ്ടു ഗോളിന് പിറകിൽ ആവുക. എന്നിട്ട് വെറും ഏഴു മിനുട്ടിനകം മൂന്ന് ഗോളുകൾ തിരിച്ചടിച്ച് 3-2ന് മുന്നിൽ എത്തുക. അതും സാക്ഷാൽ സർ അലക്സ് ഫെർഗൂസണെ സാക്ഷിയാക്കി. പക്ഷെ ആ തിരിച്ചുവരവ് വിജയത്തിൽ എത്തിയില്ല. 90ആം മിനുട്ടിലെ ഒരു മറുപടി ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷകൾ തകർത്തു. 3-3 എന്ന സമനിലയിൽ മത്സരം അവസാനിക്കുകയും ചെയ്തു.

മത്സരത്തിൽ ഇന്ന് ദയനീയമായ രീതിയിൽ കളിയാരംഭിച്ച യുണൈറ്റഡ് തുടക്കത്തിൽ തന്നെ പിറകിൽ പോകേണ്ടതായിരുന്നു. പക്ഷെ ഡി ഹിയയുടെ മികവ് യുണൈറ്റഡിനെ ആദ്യ രക്ഷിച്ചു. പക്ഷെ ആ രക്ഷ അധികം നീണ്ടു നിന്നില്ല 19ആം മിനുട്ടിൽ ഫിൽ ജോൺസിന്റെ പിഴവ് മുതലെടുത്ത് ഫ്ലെക് ഷെഫീൽഡിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മാറ്റങ്ങൾ നടത്തി എങ്കിലും യുണൈറ്റഡിന് രക്ഷ ഉണ്ടായില്ല. 52ആം മിനുട്ടിൽ മൗസറ്റിലൂടെ ഷെഫീൽഡിന്റെ രണ്ടാം ഗോളും.

മത്സരം അതോടെ കൈവിട്ടെന്നാണ് യുണൈറ്റഡ് ആരാധകർ കരുതിയത്. എന്നാൽ യുവതാരങ്ങളായ ബ്രാണ്ടൻ വില്യംസും ഗ്രീൻവുഡും കളി മാറ്റി. ആദ്യ 72ആം മിനുട്ടിൽ ബ്രാൻഡന്റെ ഒരു കിടിലൻ ഫിനിഷ്. സ്കോർ 2-1. പിന്നാലെ 77ആം മിനുട്ടിൽ ബ്രാംഡന്റെ പാസിൽ നിന്ന് 18കാരൻ ഗ്രീൻവുഡ് വക സമനില ഗോൾ 79ആം മിനുട്ടിൽ റാഷ്ഫോർഡ് വക മൂന്നാം ഗോൾ. യുണൈറ്റഡ് നിമിഷങ്ങൾക്ക് അകം 3-2ന് മുന്നിൽ.

പക്ഷെ വിജയം യുണൈറ്റഡിന് കിട്ടിയില്ല. 90ആം മിനുട്ടിൽ മക്ബേർണി യുണൈറ്റഡിന്റെ വിജയം തട്ടിയെടുത്തു. വാർ പരിശോധിച്ചു എങ്കിലും ആ ഗോൾ നിലനിന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. 17 പോയന്റുമായി യുണൈറ്റഡ് ഒമ്പതാം സ്ഥാനത്തും 18 പോയന്റുമായി ഷെഫീൽഡ് ആറാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്.