പ്രസ്-അറ്റാക്ക് റിപ്പീറ്റ്!! മാഞ്ചസ്റ്ററിലെ റാൾഫാട്ടത്തിന് വിജയ തുടക്കം!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലെ റാൾ റാഗ്നിക് യുഗത്തിന് വിജയ തുടക്കം. ഇന്ന് പാലസിന് എതിരെ മാഞ്ചസ്റ്ററിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്.

റാൾഫിന്റെ ടീമിൽ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അതാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തുടക്കം മുതൽ കണ്ടത്. യുണൈറ്റഡ് പതിവില്ലാതെ തുടക്കം മുതൽ പ്രസ് ചെയ്യുന്നതും നല്ല ഫുട്ബോൾ കളിക്കുന്നതും കാണാൻ ആയി. തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ നിരവധി അവസരങ്ങളും സൃഷ്ടിച്ചു. ബ്രൂണോ ഫെർണാണ്ടസും ഫ്രെഡും ഡാലോട്ടും എല്ലാം ആദ്യ പകുതിയിൽ ഗോളിന് അടുത്ത് എത്തി എങ്കിലും കളി ഗോൾ രഹിതമായി തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പകുതിയിലെ താളം നഷ്ടപ്പെട്ടു. അറ്റാക്കുകൾ നടത്താൻ ആയി എങ്കിലും ഗോൾ വരാത്തത് യുണൈറ്റഡിനെ ആശങ്കയിലാക്കി. സാഞ്ചോയെ പിൻവലിച്ച് ഗ്രീൻവുഡിനെ ഇറക്കി റാൾഫ് യുണൈറ്റഡ് അറ്റാക്കിൽ മാറ്റങ്ങൾ വരുത്തി നോക്കി.

75ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് പാലസിന് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിന് പന്ത് ഗോളാകാതെ പുറത്ത് പോയി. 75ആം മിനുട്ടിൽ യുണൈറ്റഡ് യുവതാരം ആന്റണി എലാംഗയെയും കളത്തിൽ ഇറക്കി. 77ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ച മനോഹര ഫുട്ബോളിന്റെ അത് നിലവാരമുള്ള ഗോൾ യുണൈറ്റഡിന് ലീഡ് നൽകി. ഫ്രെഡാണ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഈ ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്ന് ഡാലോറ്റ് തുടങ്ങിയ അറ്റാക്ക് ഗ്രീന്വുഡ് ആണ് പാസിലൂടെ ഫ്രെഡിന് നൽകിയത്. റാൾഫ് റാഗ്നികിന്റെ കീഴിലെ യുണൈറ്റഡിന്റെ ആദ്യ ഗോളായി ഇത്. ഇത് വിജയ ഗോളായും മാറി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 24 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. പാലസ് 12ആം സ്ഥാനത്താണ് ഉള്ളത്.