മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗണ്ണാർ സോൾഷ്യർ എങ്ങനെയാണ് ഇപ്പോഴും ആ മഹത്തായ ക്ലബിന്റെ പരിശീലകനായി തുടരുന്നത് എന്നത് ഫുട്ബോൾ ലോകത്തിന് തന്നെ അത്ഭുതകരമായി തോന്നുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിൽ ഇല്ലാത്ത അത്ര മോശം പ്രകടനങ്ങളിലൂടെ കടന്നു പോകുമ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഉടമകൾ ഒലെയിൽ പൂർണ്ണ സന്തോഷത്തിലാണ്. സോൾഷ്യറിനെ പുറത്താക്കുന്നത് ചിന്തിക്കുന്നു പോലും ഇല്ല എന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത്.
സ്ഥിര പരിശീലകനായി സോൾഷ്യർ ചുമതലയേറ്റ ശേഷം 33 മത്സരങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്. അത്രയും മത്സരങ്ങളിൽ ആകെ ജയിച്ചത് വെറും ഏഴെണ്ണം. ലോകത്തെ ഏറ്റവും വലിയ ക്ലബെന്ന് വീമ്പു പറയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥയാണ് ഇതെന്ന് ഓർക്കണം. സമാനമായ റെക്കോർഡുള്ള ലീഗിലെ അവസാന സ്ഥാനത്തുള്ള വാറ്റ്ഫോർഡ് ഈ കാലയളവിൽ രണ്ട് പരിശീലകരെ മാറ്റി. അവർക്ക് പോലും ക്ലബിനെ കുറിച്ചുള്ള ഭയം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സിനില്ലെ.
ടോട്ടൻഹാം പോചടീനോയെയും, ആഴ്സണൽ ഉനായ് എമിറെയെയും പുറത്താക്കിയത് യുണൈറ്റഡിനെക്കാൾ മെച്ചപ്പെട്ട പ്രകടനങ്ങൾ നടത്തി കൊണ്ടിരിക്കെ ആണ്. എന്തിന് കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ജോസെ മൗറീനോയെ പുറത്താക്കുമ്പോഴും ഇതിലും നല്ല ഫലങ്ങൾ യുണൈറ്റഡ് സ്വന്തമാക്കുന്നുണ്ടായിരുന്നു. ഒലെ മാത്രമല്ല യുണൈറ്റഡിലെ പ്രശ്നം എന്നത് സത്യം തന്നെയാണ്. യുണൈറ്റഡ് ടീം ഇനിയും മെച്ചപ്പെടാനുണ്ട് എന്നതും സത്യം. പക്ഷെ ആസ്റ്റൺ വില്ലയെയും ഷെഫീൽഡിനെയും ന്യൂകാസിലിനെയും ഒക്കെ തോൽപ്പിക്കാൻ ഇനിയും കോടികൾ കൊടുത്ത് താരങ്ങളെ വാങ്ങിയാലെ ആകു എന്ന് എങ്ങനെ യുണൈറ്റഡ് പോലൊരു ക്ലബിലെ പരിശീലകന് പറയാൻ ആകും.
ലെസ്റ്റർ സിറ്റിയിൽ ബ്രണ്ടൺ റോഡ്ജസ് ടീമിനെ തുടർ വിജയങ്ങളിൽ കൊണ്ടെത്തിച്ചത് കോടികൾ മുടക്കിയിട്ടല്ല. കൃത്യമായ ടാക്ടിക്സ് ഇല്ലാതെയുള്ള ഒലെയുടെ പരിശീലനം എത്ര കാലം കൂടെ യുണൈറ്റഡ് ആരാധകർക്ക് സഹിക്കാൻ കഴിയും എന്ന് വ്യക്തമല്ല. ക്ലബ് ഉടമകളെ കുറ്റം പറയാത്ത ഒരു പരിശീലകൻ എന്നതാണ് ഒലെയുടെ ജോലി ഇപ്പോൾ സംരക്ഷിക്കുന്നത്. ഒപ്പം ക്ലബിന്റെ മുൻ ഇതിഹാസം എന്ന സിമ്പതി ആരാധകരിൽ നിന്ന് കിട്ടുന്നതും.
പെരേരയെ പോലൊരു താരം സ്ഥിരമായി യുണൈറ്റഡ് സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടാകുന്നത് അത്ഭുതം തന്നെയാണ്. പ്രീമിയർ ലീഗിലെ മറ്റൊരു ടീമിലും ബെഞ്ചിൽ പോലും പെരേര എത്തിയേക്കില്ല. യുവതാരങ്ങൾക്ക് അവസരം കൊടുക്കും എന്ന് പറയുന്നുണ്ട് എങ്കിലും പെരേരയെ മാറ്റി ഗാർനറിനെ കളിപ്പിക്കാനുള്ള ധൈര്യം ഇതുവരെ ഒലെ കാണിച്ചില്ല. ഇനി സ്പർസും സിറ്റിയുമാണ് യുണൈറ്റഡിന്റെ അടുത്ത എതിരാളികൾ. ഈ മത്സരങ്ങളും വിജയിക്കാതിരുന്നാൽ ഒലെ ടീമിന്റെ പരിശീലകനായി ബാക്കി ഉണ്ടായിരിക്കില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.