ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിൽ വലിയ പ്രതീക്ഷ ഒന്നും ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആഴ്സണലിനെതിരെ ഇറങ്ങും. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലിവർപൂളിനോട് ഏറ്റ വലിയ പരാജയത്തിന്റെ ക്ഷീണവുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലണ്ടണിലേക്ക് വണ്ടി കയറുന്നത്. ലിവർപൂളിനോട് പരാജയപ്പെട്ടതോടെ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിട്ടുണ്ട്. ഇനി വലിയ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമെ യുണൈറ്റഡിന് ടോപ് 4 പ്രതീക്ഷയുള്ളൂ.
ആഴ്സണൽ ആകട്ടെ ചെൽസി സ്റ്റാംഫോബ്രിഡ്ജിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ആണ്. ആ വിജയം ആഴ്സണലിന് ടോപ് 4 പോരാട്ടത്തിൽ വലിയ മുൻതൂക്കം നൽകിയിട്ടുണ്ട്. ആഴ്സണൽ ചെൽസിയെ നേരിടും മുമ്പ് മൂന്ന് പരാജയങ്ങളുമായി വിഷമിക്കുകയായിരുന്നു. ചെൽസിക്ക് എതിരായ വിജയം അർട്ടേറ്റക്കും ഊർജ്ജം തിരിച്ചുനൽകിയിട്ടുണ്ട്. അർട്ടേറ്റ പരിശീലകനായി എത്തിയ ശേഷം ആഴ്സണലിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വളരെ നല്ല റെക്കോർഡാണ് ഉള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇന്ന് മധ്യനിരയിൽ പോഗ്ബ, ഫ്രെഡ് എന്നിവർ ഇല്ല. അലക്സ് ടെല്ലസ്, ഷോ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ടീമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പരിശീലകനെ പ്രഖ്യാപിച്ചെങ്കിലും ഈ സീസൺ അവസാനം വരെ റാഗ്നിക്ക് തന്നെയാകും യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.