ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം ആവേശകരമായിരിക്കുകയാണ്. ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലിവർപൂൾ പരാജയപ്പെടുത്തിയതോടെ ക്ലോപ്പിന്റെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമായി. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ക്ലോപ്പ് ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ് ട്രാഫോർഡിൽ പരാജയപ്പെടുത്തുന്നത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആവേശകരമായ മത്സരം തന്നെയാണ് കാണാൻ കഴിഞ്ഞത്. മത്സരം മികച്ച രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ നിമിഷങ്ങളിൽ തന്നെ അലിസന്റെ പിഴവിൽ നിന്ന് ഗോളടിക്കാൻ ഉള്ള ഒരവസരം ലഭിച്ചതാണ്. എന്നാൽ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് എത്തിക്കാൻ കവാനിക്കായില്ല. പത്താം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്. വലതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ നിന്ന് വാൻ ബിസാക് പെനാൾട്ടി ബോക്സിൽ വെച്ച് ബ്രൂണോക്ക് പന്ത് കൈമാറി. ബ്രൂണൊ ഫെർണാണ്ടസിന്റെ പുറംകാലു കൊണ്ടുള്ള ഷോട്ട് വലിയ ഡിഫ്ലക്ഷനോട് ലിവർപൂൾ വലയിൽ എത്തി.
ഈ ഗോളിന് ശേഷം പതിയെ ലിവർപൂൾ കളിയിലേക്ക് തിരികെ വന്നു. എറിക് ബയിയുടെ ഒരു ടാക്കിളിന് റഫറി ആന്റണി ടെയ്ലർ ലിവർപൂളിന് പെനാൽറ്റി അനുവദിച്ചു എങ്കിലും വാർ ആ പെനാൾട്ടി തെറ്റാണെന്ന് വിധിച്ച് പിൻവലിച്ചു. 33ആം മിനുട്ടിലാണ് ലിവർപൂളിന്റെ ആദ്യ നല്ല ഗോൾ ശ്രമം വന്നത്. ജോടയുടെ ഷോട്ട് സമർത്ഥമായാണ് ഡീൻ ഹെൻഡേഴൺ തടുത്തത്. പക്ഷെ തൊട്ടടുത്ത മിനുട്ടിൽ തന്നെ ജോട ഹെൻഡേഴ്സണെ കീഴ്പ്പെടുത്തി. നാറ്റ് ഫിലിപ്സിന്റെ ഷോട്ടിൽ നിന്ന് ഒരു ഫ്ലിക്കിലൂടെ ആയിരുന്നു ജോടയുടെ സമനില ഗോൾ.
ആ ഗോളിന് ശേഷം ലിവർപൂൾ ആയിരുന്നു മികച്ച ഫുട്ബോൾ കാഴ്ചവെച്ചത്. അവർ ആ ഫുട്ബോക്കിന്റെ ഗുണം ഹാഫ് ടൈമിനു മുന്നെ ലീഡാക്കി മാറ്റി. 45ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഫർമീനോയുടെ ഹെഡർ ലിവർപൂളിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫർമീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലയിൽ വീണ്ടും പന്തെത്തിച്ചു. ഇത്തവണ ഹെൻഡേഴ്സന്റെ പിഴവ് ഗോളിന് കാരണമായി.
മൂന്നാം ഗോൾ ലിവർപൂൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആത്മവിശ്വാസം പൂർണ്ണമായും ഇല്ലാതായതു പോലെയായി അവരുടെ പ്രകടനം. ഡിഫൻസിൽ ക്യാപ്റ്റൻ മഹ്വയർ ഇല്ലാത്തത് നിരന്തരം യുണൈറ്റഡ് ഡിഫൻസിനെ സമ്മർദ്ദത്തിലാക്കി. 58ആം മിനുട്ടിലെ ജോടയുടെ സ്ട്രൈക്ക് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. അതിനു പിന്നാലെയും ലിവർപൂൾ അറ്റാക്ക് തുടർന്നു. 61ആം മിനുട്ടിൽ അർനോൾഡിന്റെ ഷോട്ട് ഹെൻഡേഴ്സൺ സേവ് ചെയ്തു.
കളി തിരിച്ചു പിടിക്കാൻ ആയി ഒലെ ഗണ്ണാർ സോൾഷ്യാർ ഫ്രെഡിനെ പിൻവലിച്ച് ഗ്രീൻവുഡിനെ കളത്തിൽ ഇറക്കി. ഗ്രീൻവുഡ് വന്നതോടെ യുണൈറ്റഡ് പതിയെ താളം കണ്ടെത്തി. 68ആം മിനുട്ടിൽ റാഷ്ഫോർഡിലെ ഒരു ഗോൾ മടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലേക്ക് തിരികെ വന്നു. കവാനിയുടെ പാസ് സ്വീകരിച്ചായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. ഇതിനു തൊട്ടു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൃഷ്ടിച്ച അവസരത്തിൽ നിന്ന് ഗ്രീൻവുഡ് ഷോട്ട് എടുത്തു എങ്കിലും ഗോൾ വരയിൽ വെച്ച് ലിവർപൂൾ ഡിഫൻസ് ആ അവസരം തടഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് തുടർന്നു എങ്കിലും ഗോൾ പിറന്നത് മറുവശത്തായിരുന്നു. 90ആം മിനുട്ടിലെ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് സാല നേടിയ നാലാം ഗോൾ ലിവർപൂളിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. ഈ വിജയം ലിവർപൂളിനെ 35 മത്സരങ്ങളിൽ നിന്ന് 60 പോയിന്റിൽ എത്തിച്ചു. ഇപ്പോഴും ലിവർപൂൾ അഞ്ചാമതാണ് ഉള്ളത്. 64 പോയിന്റുമായി ചെൽസി നാലാമതും 66 പോയിന്റുമായി ലെസ്റ്റർ മൂന്നാമതും നിൽക്കുന്നു. ലിവർപൂൾ ഈ രണ്ടു ടീമുകളെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്. 70 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേരത്തെ ഉറപ്പിച്ചിരുന്നു.