മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നിരാശയുടെ ദിവസം ആണ്. അവരുടെ എവേ വിജയങ്ങളുടെ തുടർവിജയ പരമ്പരയ്ക്ക് ലെസ്റ്റർ സിറ്റി അവസാനം ഇട്ടു. രണ്ട് തവണ ലീഡ് എടുത്തിട്ടും ഇന്ന് വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. 2-2 എന്ന സമനിലയുമാണ് കളി അവസാനിച്ചത്. യുണൈറ്റഡിന് ലെസ്റ്ററിനെ മറികടന്ന രണ്ടാമത് എത്താനുള്ള അവസരവും ഇതോടെ നഷ്ടമായി.
ഇന്ന് മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സുവർണ്ണാവസരം ലീഡ് എടുക്കാൻ ലഭിച്ചു. എന്നാൽ ബ്രൂണോ നൽകിയ മനോഹര ക്രോസിൽ നിന്ന് ലഭിച്ച് ഫ്രീ ഹെഡർ ടാർഗറ്റിലേക്ക് തൊടുക്കാൻ റാഷ്ഫോർഡിനായില്ല. എങ്കിലും റാഷ്ഫോർഡ് ആ മിസ്സിനുള്ള പരിഹാരം 23ആം മിനുട്ടിൽ ചെയ്തു. ബ്രൂണൊ ഫെർണാണ്ടസ് തന്നെ ആയിരുന്നു വീണ്ടും അവസരം ഒരുക്കിയത്. ഇത്തവണ റാഷ്ഫോർഡിന് ലക്ഷ്യം തെറ്റിയില്ല. ലീഗിലെ ഈ സീസണിലെ റാഷ്ഫോർഡിന്റെ ആറാം ഗോളായിരുന്നു ഇത്.
ഗോൾ നേടിയ ശേഷം യുണൈറ്റഡിന്റെ അലസത അവർക്ക് തിരിച്ചടിയായി. 31ആം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസ് നഷ്ടപ്പെടുത്തിയ പന്ത് എടുത്ത് മുന്നേറിയ ലെസ്റ്റർ സിറ്റി ഹാർവി ബാർൺസിന്റെ ഒരു ഗംഭീര ഇടം കാലൻ സ്ട്രൈക്കിലൂടെ സമനില നേടി. ലെസ്റ്ററിന്റെ ആദ്യത്തെ ടാർഗറ്റിലേക്കുള്ള ഷോട്ടായിരുന്നു അത്. രണ്ടാം പകുതിയിൽ വിജയിക്കാൻ വേണ്ടി പോഗ്ബയെയും കവാനിയെയും യുണൈറ്റഡ് രംഗത്ത് ഇറക്കി.
വിജയിക്കാനുള്ള ഒരു ഗംഭീര ചാൻസ് റാഷ്ഫോർഡിന് ലഭിച്ചു എങ്കിലും കാസ്പർ ഷിമൈക്കിളിന്റെ സേവ് ലെസ്റ്ററിനെ രക്ഷിച്ചു. കവാനി ഇറങ്ങിയതിനു പിന്നാലെ യുണൈറ്റഡ് ആഗ്രഹിച്ച ബ്രേക്ക് ത്രൂ കിട്ടി. 79ആം മിനുട്ടിൽ പന്ത് കൈക്കലാക്കിയ കവാനി ഒരു മനോഹര ത്രൂ പാസിലൂടെ ബ്രൂണൊ ഫെർണാണ്ടസിനെ കണ്ടെത്തി. ഒട്ടും പിഴക്കാതെ ബ്രൂണൊ ഫെർണാണ്ടസ് ലക്ഷ്യം കണ്ടു. ബ്രൂണോയുടെ ലീഗിലെ പത്താം ഗോളായിരുന്നു ഇത്.
പക്ഷെ ലെസ്റ്ററിനെ തോൽപ്പിക്കാൻ അത് മതിയായിരുന്നില്ല. 85ആം മിനുട്ടിൽ അവർ വീണ്ടും സമനില പിടിച്ചു. വാർഡിയാണ് ലെസ്റ്ററിനെ ഇത്തവണ രക്ഷിച്ചത്. വാർഡിയുടെ ഷോട്ട് ടുവൻസബയുടെ കാലിൽ തട്ടി എളുപ്പത്തിൽ യുണൈറ്റഡ് വലയിലേക്ക് കയറി. പിന്നീട് വിജയ ഗോളിനായി രണ്ട് ടീമും ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
ഇന്നത്തെ സമനിലയോടെ ലെസ്റ്ററിന് 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 14 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമാണ് ഉള്ളത്. ഒന്നാമതുള്ള ലിവർപൂളിനേക്കാൾ 4 പോയിന്റ് പിറകിൽ ആണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.